വാഷിംഗ്ൺ: ഒരു പഴയ ബസ് വാങ്ങിച്ച് അതിൽ രാജ്യം ചുറ്റി കാണാനിറങ്ങിയ മൂന്ന് അമേരിക്കൻ യുവതികൾ ഇന്ന് ഇൻസ്റ്റാഗ്രാമിൽ തരംഗമാണ്. തങ്ങൾ മൂന്ന് പേർ ഉൾപ്പെടെ ആറു യുവതികളെ ഒരേ സമയം പ്രേമിച്ച യുവാവിന് പണി കൊടുത്തിട്ടാണ് ഇവർ മൂന്ന് പേരും വിനോദസഞ്ചാരത്തിന് ഇറങ്ങിയിട്ടുള്ളത്. ബെക്കാ കിംഗ്, അബി റോബർട്ട്സ്, മോർഗൻ ടാബോർ എന്നീ യുവതികളാണ് നാടുകാണാൻ ഇറങ്ങിതിരിച്ചത്. തങ്ങളുടെ കൈയിൽ ഉണ്ടായിരുന്ന 5000 യൂറോ കൊടുത്ത് വാങ്ങിയ ഒരു പഴയ സ്കൂൾ ബസിലാണ് ഇവരുടെ സഞ്ചാരം. ബസ് വാങ്ങിച്ചതും അതിന്റെ അറ്റകുറ്റപണിയ്ക്കുമെല്ലാമായി കൈയിലെ കാശെല്ലാം തീർന്നുവെങ്കിലും ഇവരുടെ കഥ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞവർ ഇവർക്ക് ആവശ്യമുള്ള പണം അയച്ചു കൊടുക്കുകയായിരുന്നു.
മോർഗൻ ടാബോറാണ് താൻ തന്റെ കാമുകനാൽ വഞ്ചിക്കപ്പെടുകയാണെന്ന യാഥാർത്ഥ്യം ആദ്യം മനസ്സിലാക്കുന്നത്. കാമുകന്റെ ഫേസ്ബുക്കിൽ മറ്റൊരു യുവതിയുടെ പ്രൊഫൈലും ഫോട്ടോകളും കണ്ട മോർഗൻ ആ പെൺകുട്ടിയെ ബന്ധപ്പെടുകയും തങ്ങൾ ഇരുവരും ഒരേസമയം വഞ്ചിക്കപ്പെടുകയാണെന്നും മനസ്സിലാക്കുകയായിരുന്നു. ഇവരുടെ തുടർന്നുള്ള അന്വേഷണത്തിൽ മറ്റ് നാല് യുവതികളെയും കണ്ടെത്തി. ഒരു ദിവസം ഇവർ ആറു പേരും വീഡിയോ കാൾ ചെയ്തുകൊണ്ടിരുന്ന സമയത്ത് യുവാവ് മോർഗന്റെ വീട്ടിൽ വരികയും അവിടെ വച്ച് തന്റെ സുഹൃത്തുക്കളാണെന്ന് പറഞ്ഞ് മോർഗൻ മറ്റ് അഞ്ച് പെൺകുട്ടികളോടൊപ്പമുള്ള വീഡിയോ കാൾ യുവാവിനെ കാണിക്കുകയും ആയിരുന്നു.
പിടിക്കപ്പെട്ടു എന്ന് മനസിലാക്കിയ യുവാവ് തന്റെ പ്രവൃത്തിയെ ന്യായീകരിക്കുവാൻ ശ്രമിച്ചെങ്കിലും യുവതികൾ വഴങ്ങികൊടുത്തില്ല. ആറു പേരും ഒരേ സമയം യുവാവിനെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. അതിനു ശേഷം ഇവർ ഒരു റോഡ് ട്രിപ്പിന് പദ്ധതിയിട്ടു. എന്നാൽ ബെക്കാ കിംഗ്, അബി റോബർട്ട്സ്, മോർഗൻ ടാബോർ എന്നിവർ മാത്രമാണ് അതിന് താത്പര്യം കാണിച്ചത്. ബാക്കി മൂന്ന് പേരും അതിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിക്കുകയായിരുന്നു.