തിരുവനന്തപുരം.മന്ത്രിയെന്ന നിലയിൽ താൻ ദൈനംദിന സമരത്തിലാണെന്ന് പൊതുമരാമത്ത് -ടൂറിസം വകുപ്പുമന്ത്രി പി.എ.മുഹമ്മദ് റിയാസ് പറയുന്നു. ഈ സമരം ജനങ്ങൾക്കുവേണ്ടിയാണ്.ജനങ്ങളുടെ കാര്യങ്ങൾ വേഗം നടത്തണം.അതിനെന്താണോ തടസ്സം ...? ആ തടസ്സത്തിനെതിരെയാണ് മന്ത്രിയെന്ന നിലയിലുള്ള തന്റെ സമരമെന്ന് റിയാസ് വിശദീകരിച്ചു.നിലവിലുള്ള സംവിധാനത്തിലെ പോരായ്മകൾക്കെതിരെയാണ് സമരം. കൗമുദി ടിവിയിലെ പ്രതിവാര അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിൽ സംസാരിക്കുകയായിരുന്നു മന്ത്രി റിയാസ്.
സമരസംഘടന എന്നതിൽ നിന്നും സന്നദ്ധ-സേവന സംഘടനയായി ഡി.വൈ.എഫ്.ഐ മാറിയോയെന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി.സമരമെന്നാൽ വഴിതടയലോ,അതിനെ അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാരുകളുടെ പൊലീസുമായി ഉണ്ടാകുന്ന പ്രശ്നങ്ങളോ മാത്രമല്ല. ഒരു ഡി.വൈ.എഫ്.ഐക്കാരനെയും കമ്മ്യൂണിസ്റ്റുകാരനെയും സംബന്ധിച്ചിടത്തോളം ഏത് രംഗത്തും സമരമുണ്ടെന്ന് റിയാസ് പറഞ്ഞു.
കൊവിഡ് കാലത്ത് മാത്രമല്ല,ഡി.വൈ.എഫ്.ഐക്കാർ എന്നും നാടിന് ആശ്വാസമാണെന്ന് റിയാസ് പറഞ്ഞു.സ്വർണ്ണക്കടത്ത് ,ക്വട്ടേഷൻ തുടങ്ങിയ സംഭവങ്ങളിൽ ചില ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളുടെ പേര് വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ്. എന്നാൽ ഏത് സംഘടനയിൽ പ്രവർത്തിക്കുന്നവരായാലും വ്യക്തികളായാലും പുതിയ കാലത്ത് വന്നുപെട്ട ഒരുപാട് പ്രവണതകൾ ഉണ്ട്.ആ പ്രവണതകൾക്കെതിരെ സംഘടനകൾ പരിശധന നടത്തണം. വ്യക്തികൾ അതിനെതിരെ സ്വന്തം മനസിനകത്ത് പോരാട്ടങ്ങൾ നടത്തേണ്ടതും അനിവാര്യമായ കാര്യമാണെന്ന് റിയാസ് പറഞ്ഞു.