തിരുവനന്തപുരം: യുവതിയെ കടന്നുപിടിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന ആരോപണം നേരിടുന്ന വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാജിക്ക് തയാറായില്ലെങ്കില്‍ ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം. ഭരണഘടനാപരമായ പദവിയില്‍ ഇരിക്കുന്ന മന്ത്രിക്കെതിരെ യുവതിയും പിതാവും ഗുരുതരമായ പരാതിയാണ് ഉന്നയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിക്ക് കേസിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നെന്ന് പെണ്‍കുട്ടിയും പിതാവും വ്യക്തമാക്കിയിട്ടുണ്ട്. ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ മന്ത്രി പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇടപെട്ട് നീതി അട്ടിമറിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. പദവി ദുരുപയോഗം ചെയ്‌ത് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച എ കെ ശശീന്ദ്രന്‍ ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല. കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ച മന്ത്രി ശശീന്ദ്രന്‍ സംസാരിച്ചത് താക്കീതിന്‍റെ സ്വരത്തിലാണെന്നാണ് പരാതിക്കാരി മാദ്ധ്യമങ്ങളോട് പറഞ്ഞതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ശശീന്ദ്രനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വനിത കമ്മിഷനും യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായർ പരാതി നൽകി. 2017ൽ ഫോൺ വിവാദം ഉണ്ടായപ്പോൾ മുഖ്യമന്ത്രിയാണ് ശശീന്ദ്രനോട് രാജിയാവശ്യപ്പെട്ടത്. ജുഡീഷ്യൽ അന്വേഷണത്തിൽ ലഭിച്ച് ക്ലീൻ ചിറ്റും പരാതിക്കാരിയുടെ പിന്മാറ്റവുമായിരുന്നു പത്ത് മാസത്തിന് ശേഷം ശശീന്ദ്രൻ വീണ്ടും അന്ന് മന്ത്രിസഭയിൽ തിരിച്ചെത്താൻ കാരണമായത്.