കൊവിഡ് വ്യാപനം രൂക്ഷമായതോടെ തൊഴിൽ മേഖലയിൽ കനത്ത പ്രതിസന്ധിയിലാണ്. ജോലി നഷ്ടപ്പെട്ട് ദാരിദ്ര്യം അനുഭവിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. പലരും മറ്റൊരു ജോലി തരപ്പെടുത്താനായി മാസങ്ങൾ നീണ്ട പരിശ്രമത്തിലാണ്. എന്നാൽ, ഇപ്പോൾ 'ഭാരത്പേ' എന്ന ഇന്ത്യൻ കമ്പനി ഉദ്യോഗാർത്ഥികളെ തേടുകയാണ്. കമ്പനിയിൽ ചേരുന്നവർക്കായി ഭാരത്‌പേ ഒരുക്കിയിരിക്കുന്ന ആനുകൂല്യങ്ങൾ കേട്ടാൽ ഒരു പക്ഷെ, നിങ്ങൾ നിലവിലെ ജോലി രാജിവച്ച് ഇവിടെ ചേരും.
ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ജീവനക്കാരുടെ എണ്ണം മൂന്ന് മടങ്ങായി വർദ്ധിപ്പിക്കാനാണ് ഭാരത്‌പേ ഒരുങ്ങുന്നത്. ഇതിനായി 100 പേരെ ടെക് ടീമിലേക്ക് പുതുതായി നിയമിക്കും. ഇന്റർവ്യൂ വിജയകരമായി പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ബൈക്ക് പാക്കേജ് ആണ് കമ്പനി ഒരുക്കിയിരിക്കുന്നത്. മൂന്ന് ലക്ഷത്തിനടുത്ത് വിലയുള്ള ബി.എം.ഡബ്ല്യു ജി 310 ആർ ബൈക്ക് ആണ് സമ്മാനം. ഇനി ഈ ബൈക്ക് ഇഷ്ടമായില്ലെങ്കിൽ ജാവ പെരാക്ക്, കെ.ടി.എം 390 ഡ്യൂക്ക്, കെ.ടി.എം ആർ.സി 390, റോയൽ എൻഫീൽഡ് ഹിമാലയൻ എന്നിവയിലൊന്ന് തിരഞ്ഞെടുക്കാം.
ഇനിയൊരു പക്ഷേ നിങ്ങൾക്ക് ബൈക്ക് പാക്കേജ് വേണ്ടെങ്കിൽ ഗാഡ്‌ജെറ്റ് പാക്കേജും ഒരുക്കിയിട്ടുണ്ട്. ആപ്പിൾ ഐ-പാഡ് പ്രോ (പെൻസിലിനൊപ്പം), ബോസ് ഹെഡ്‌ഫോൺ, ഹർമാൻ കാർഡൺ സ്പീക്കർ, സാംസംഗ് ഗാലക്സി വാച്ച്, ഡബ്ല്യു.എഫ്.എച്ച് ഡെസ്‌ക് ആൻഡ് ചെയർ, ഫയർഫോക്സ് ടൈഫൂൺ 27.5 ഡി സൈക്കിൾ എന്നിവയാണ് പുതുതായി ടെക് ടീമിൽ ചേരുന്നവർക്ക് തിരഞ്ഞെടുക്കാൻ ഗാഡ്‌ജെറ്റ് പാക്കേജിൽ ഒരുക്കിയിരിക്കുന്ന ഓപ്ഷനുകൾ.
കഴിഞ്ഞില്ല, ഒക്ടോബർ 17 മുതൽ നവംബർ 14 വരെ ദുബായിൽ നടക്കുന്ന വേൾഡ് കപ്പ് ക്രിക്കറ്റ് ടി-20 മത്സരം നേരിട്ട് കാണാനുള്ള അവസരവും ഭാരത്‌പേ തങ്ങളുടെ ടെക് ടീമിൽ ജോലിക്കെത്തുന്നവർക്ക് ഒരുക്കിയിട്ടുണ്ട്. ടെക് ടീമിലേക്ക് യോഗ്യരായവരെ നിർദേശിക്കുന്ന കമ്പനി ജീവനക്കാർക്കും ബൈക്ക് പാക്കേജും ഗാഡ്‌ജെറ്റ് പാക്കേജും ലഭ്യമാണ് എന്ന് ഭാരത്‌പേ പത്രക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. ഭാരത്‌പേയിൽ മുമ്പ് ജോലി ചെയ്തവർക്കും യോഗ്യരായവരെ നിർദ്ദേശിച്ച് ഈ പാക്കേജ് നേടാൻ അവസരമുണ്ട്.