പാരിസ്: പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഫ്രാൻസ്. ഫ്രഞ്ച് മാധ്യമപ്രവർത്തകരുടെ ഫോൺ ചോർത്തുന്നതിന് പെഗാസസ് ഉപയോഗിച്ചുവെന്ന റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്നാണ് അന്വേഷണം.
ഫ്രാൻസിലെ ദിനപ്പത്രമായ ലെ മോണ്ടെയുടെ നേതൃത്വത്തിൽ 13 മാധ്യമസ്ഥാപനങ്ങൾ ചേർന്ന് നടത്തിയ അന്വേഷണങ്ങളിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. ഇതിനെ തുടർന്നാണ് ഫ്രാൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
മൊറോക്കോ ഇന്റലിജൻസ് പെഗാസസ് ഉപയോഗിച്ച് ഫ്രഞ്ച് മാദ്ധ്യമ പ്രവർത്തകരുടെ ഫോൺ ചോർത്തി സുപ്രധാന വിവരങ്ങൾ ചോർത്തിയെന്നാണ് ആരോപണം. തിങ്കളാഴ്ച അന്വേഷണ വെബ്‌സൈറ്റായ മീഡിയപാർട്ട് വിഷയത്തിൽ പരാതി നല്കിയിരുന്നു. ഫോൺ ചോർത്തപ്പെട്ട മാദ്ധ്യമ പ്രവർത്തകരിൽ മീഡിയാ പാർട്ടിന്റെ സ്ഥാപകനായ എഡ്വി പ്ലെനലിന്റെ നമ്പറും ഉൾപ്പെട്ടിരുന്നു. എന്നാൽ ആരോപണം മൊറോക്കോ നിഷേധിച്ചിട്ടുണ്ട്.
അതേ സമയം ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസുമായി ബന്ധപ്പെട്ട വാർത്തകൾ സത്യമാണെങ്കിൽ അക്കാര്യം അംഗീകരിക്കാനാവില്ലെന്ന് യൂറോപ്യൻ കമ്മിഷൻ ചീഫ് ഉർസുല വോൺ ഡെർ ലെയെൻ വ്യക്തമാക്കി. .'ഇക്കാര്യത്തിന്റെ നിജസ്ഥിതി അറിയേണ്ടതുണ്ട്. എന്നാൽ ഇത് സത്യമാണെങ്കിൽ ഒരുനിലയ്ക്കും അംഗീകരിക്കാനാവാത്തതാണ്.' ഉർസുല പറഞ്ഞു.
മാധ്യമപ്രവർത്തകരുടെ ഫോൺ ചേർത്തുന്നതിനെ രൂക്ഷമായി വിമർശിച്ച ഉർസുല യൂറോപ്യൻ യൂണിയന്റെ അടിസ്ഥാന മൂല്യങ്ങളിലൊന്നാണ് പത്രസ്വാതന്ത്ര്യമെന്ന് കൂട്ടിച്ചേർത്തു.
ചാര സോഫ്റ്റ് വെയറുകൾ നിരോധിക്കണം : എഡ്വേഡ് സ്‌നോഡൻ
ചാര സോഫ്റ്റ്‌വെയറുകളുടെ വ്യാപാരം അന്താരാഷ്ട്ര തലത്തിൽ നിരോധിക്കണമെന്ന് അമേരിക്കൻ ദേശീയ സുരക്ഷാ ഏജൻസി മുൻ ജീവനക്കാരനും 'വിസിൽ ബ്ലോവറു'മായ എഡ്വേഡ് സ്‌നോഡൻ. ഇസ്രായേലി കമ്പനിയുടെ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് വിവിധ രാജ്യങ്ങളിൽ പ്രമുഖരുടെ ഫോണുകൾ ഹാക്ക് ചെയ്ത് ചാരവൃത്തി നടന്നതായ റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് സ്‌നോഡന്റെ പ്രതികരണം.
ലാഭം ലക്ഷ്യമിട്ട് ചാര സോഫ്റ്റ്‌വെയറുകൾ നിർമിക്കുന്നത് ഒരിക്കലും നിലവിലുണ്ടാകരുതാത്ത വ്യവസായമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടങ്ങൾ പൗരന്മാരെ അടിച്ചമർത്തുന്നതിനും കടുത്ത നിരീക്ഷണത്തിന് വിധേയരാക്കുന്നതിനും വാണിജ്യ ചാര സോഫ്റ്റ്‌വെയറുകളെ ഏതുതരത്തിൽ ഉപയോഗിക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പെഗാസസിനെ പോലെയുള്ള ചാര സോഫ്റ്റ്‌വെയറുകൾക്കെതിരെ സാധാരണക്കാർക്ക് ഒന്നും ചെയ്യാനാകില്ല. അണുവായുധങ്ങൾക്കെതിരെ സാധാരണക്കാരന് ഒന്നും ചെയ്യാനാകാത്തതിന് തുല്യമാണിത്. അന്താരാഷ്ട്ര തലത്തിൽ നിരോധനം ഏർപ്പെടുത്തുക മാത്രമാണ് ഇത്തരം രീതികളെ പ്രതിരോധിക്കാനുള്ള ഏക വഴിയെന്നും സ്‌നോഡൻ പറഞ്ഞു.
മൈക്രോസോഫ്റ്റ്, യാഹൂ, ഗൂഗിൾ, ഫെയ്സ്സ്ബുക്ക്,സെ്‌കെപ്പ്,ആപ്പിൾ എന്നിവയടക്കമുള്ള പ്രമുഖ ഒൻപത് അമേരിക്കൻ ഇന്റർനെറ്റ് സ്ഥാപനങ്ങളുടെ സെർവറുകളും ഫോൺ സംഭാഷണങ്ങളും അമേരിക്കൻ രഹസ്യാന്വേഷണ സംഘടനകൾ ചോർത്തുന്നുവെന്ന ഞെട്ടിക്കുന്ന വിവരം പുറത്തു കൊണ്ടു വന്നയാളാണ് എഡ്വേഡ് സ്‌നോഡൻ.
അമേരിക്കയെ പ്രതിക്കൂട്ടിലാക്കിയ വെളിപ്പെടുത്തലിന് പിന്നാലെ ഹോങ്കോംഗിൽ അഭയം തേടിയ സ്‌നോഡെൻ നിലവിൽ റഷ്യയിലാണ് അഭയം തേടിയിരിക്കുന്നത്.
പെഗാസസ് ഫോൺ ചോർത്തലിൽപ്പെട്ടവരിൽ ഇമ്രാൻ ഖാനും
ഇസ്രയേലി ചാര സോഫ്റ്റവെയർ 'പെഗാസസ് ഉപയോഗിച്ചുള്ള ഫോൺ ചോർത്തലിന് ഇരയായവരിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനും ഉണ്ടായിരുന്നെന്ന് റിപ്പോർട്ടുകൾ.
പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉപയോഗിച്ച ഒരു നമ്പർ ഫോൺ ചോർത്തപ്പെട്ടവരുടെ പട്ടികയിലുണ്ടെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേ സമയം ഇമ്രാൻഖാന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പാകിസ്ഥാനിൽ നിന്നുള്ള നൂറിലധികം പേർ ഫോൺ ചോർത്തൽ പട്ടികയിൽ പെട്ടിട്ടുണ്ടെന്ന് വാഷിങ്ടൺ റിപ്പോർട്ടിൽ പറയുന്നു.
അന്താരാഷ്ട്ര തലത്തിൽ 50,000 ഫോൺ നമ്പറുകൾ ചോർത്തൽ പട്ടികയിലുണ്ടെന്നാണ് വിവരം. ഇന്ത്യയുള്‍പ്പെടെ 10 രാജ്യങ്ങള്‍ ഈ സോഫ്റ്റ്‌വെയർ വാങ്ങിയിട്ടുണ്ടെന്നാണ് സൂചന.