ലണ്ടൻ: ഇംഗ്ലണ്ടിലെ പ്രീമിയർ ലീഗിൽ കളിക്കുന്ന എവർട്ടൻ എഫ് സിയുടെ ഫുട്ബാൾ താരത്തെ ബാലപീഡനത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനു ശേഷം താരത്തെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കളിക്കാരൻ ആരാണെന്ന് ക്ളബ് അധികൃതരോ അന്വേഷണ ഉദ്യോഗസ്ഥരോ വ്യക്തമാക്കിയില്ലെങ്കിലും ഫസ്റ്റ് ടീമിൽ കളിക്കുന്ന താരമാണെന്ന് ക്ളബ് പത്രകുറിപ്പിൽ വ്യക്തമാക്കി. താരത്തെ അന്വേഷണ വിധേയമായി ടീമിൽ നിന്ന് പുറത്താക്കിയതായും ക്ളബ് അധികൃതർ മാദ്ധ്യമങ്ങളെ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തുടർന്നുള്ള ഏതൊരു അന്വേഷണത്തിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും ക്ളബ് വൃത്തങ്ങൾ വ്യക്തമാക്കി.
മുൻ ഇംഗ്ളണ്ട് ക്യാപ്ടനായിരുന്ന വെയ്ൻ റൂണി അടക്കം നിരവധി പ്രഗത്ഭർ കളിച്ചിരുന്ന ക്ളബാണ് എവർട്ടൺ. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.