raj-kundra

മുംബയ്: നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടി ശില്പാഷെട്ടിയുടെ ഭർത്താവും ബിസിനസുകാരനുമായ രാജ്കുന്ദ്രയെ മുംബയ് പൊലീസ് അറസ്റ്റ് ചെയ്തു. കുന്ദ്രയ്‌ക്കെതിരെ മതിയായ തെളിവുകൾ ലഭിച്ചതായി മുംബയ് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കേസിൽ കുന്ദ്രയുടെ പേഴ്സണൽ അസിസ്റ്റന്റ് ഉമേഷ് കാമത്ത് അടക്കം ഒമ്പതുപേരെ അറസ്റ്റ് ചെയ്തു.

അശ്ലീല ചിത്ര നിർമ്മാണത്തിനായി നവി മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.ടി കമ്പനിയിൽ രാജ്കുന്ദ്ര പത്ത് കോടിയോളം നിക്ഷേപിച്ചിരുന്നുവെന്നാണ് വിവരം.

ഈ കമ്പനിയാണ് അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കുന്ന നടിമാർക്ക് ആപ്പുകൾ നിർമ്മിച്ച് നൽകിയിരുന്നത്. കോടിക്കണക്കിന് രൂപ രാജ്കുന്ദ്ര ഇത്തരത്തിൽ സമ്പാദിച്ചെന്നും റിപ്പോർട്ടുണ്ട്. രാജ് കുന്ദ്രയും പാർട്ണർമാരും നടത്തിയ വാട്‌സാപ്പ് ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്. യു.കെയിൽ താമസിക്കുന്ന രാജ് കുന്ദ്രയുടെ ബന്ധുവും ബിസിനസ് പങ്കാളിയുമായ പ്രദീപ് ബക്ഷി എന്നയാൾക്കും കേസിൽ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവർക്ക് യു.കെ ആസ്ഥാനമായി പ്രവ‌ർത്തിക്കുന്ന കെന്റിൽ പ്രൊഡക്ഷൻ എന്ന പേരിൽ ഒരു സ്ഥാപനവുമുണ്ട്. ഇവർ തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങൾ എങ്ങനെയാണ് പണമിടപാട് നടത്തിയതെന്നും അശ്ലീല ചിത്രത്തിലൂടെ പണം സമ്പാദിച്ചതെന്നും അടക്കമുള്ള കാര്യങ്ങൾക്ക് തെളിവാണെന്നാണ് പൊലീസ് പറയുന്നത്.