fff

വാഷിംഗ്ടൺ: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന തങ്ങളുടെ പൗരന്മാർക്ക് യാത്രാ ഇളവുകൾ നൽകി അമേരിക്ക. വർദ്ധിച്ചു വന്ന കൊവിഡ് കേസുകളെ തുടർന്ന് പൂർണമായി യാത്രകളെ വിലക്കുന്ന ലെവൽ നാല് പട്ടികയിലായിരുന്നു ഇന്ത്യയെ അമേരിക്ക ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ നിന്ന് യാത്രകളെ കുറിച്ച് പുനരാലോചന നടത്തുക എന്ന ലെവൽ മൂന്ന് പട്ടികയിലാണ് ഇപ്പോൾ ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടുള്ളത്.

വിദേശ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നതിന് മുമ്പായി വാക്സിൻ എടുത്തതും എടുക്കാത്തതുമായ യാത്രക്കാർക്കുള്ള നിർദേശങ്ങൾ സൂക്ഷ്മമായി വായിച്ചതിനു ശേഷം യാത്ര തിരിക്കണമെന്ന് പൗരന്മാരോട് അമേരിക്കയുടെ രോഗ നിയന്ത്രണ പ്രതിരോധ വകുപ്പ് നിർദേശിക്കുന്നു.

ഇന്ത്യയെ കൂടാതെ പാകിസ്ഥാനെയും ലെവൽ മൂന്നിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഉയർന്ന കൊവിഡ് കേസുകൾ കാരണമാണ് ഇന്ത്യൻ യാത്രക്കാരെ ലെവൻ മൂന്നിൽ ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിൽ രാജ്യത്ത് തീവ്രവാദ അരക്ഷിതാവസ്ഥയെ തുടർന്നാണ് അമേരിക്ക പാക്കിസ്ഥാനെ ലെവൽ മൂന്നിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിൽ നിന്നുള്ളവർക്കുള്ള യാത്രാ വിലക്ക് നീട്ടി കാനഡ

ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളുടെ വിലക്ക് വീണ്ടും നീട്ടി. ഒരു മാസത്തേക്ക് കൂടിയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 22 നാണ് കാനഡ ആദ്യമായി ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. അതിന് ശേഷം പലതവണയായി വിലക്ക് നീട്ടിയിരുന്നു. ഇത് നാലാം തവണയാണ് കാനഡ വിലക്ക് നീട്ടുന്നത്.

വിലക്ക് ഇന്ന് അവസാനിക്കാനിരിക്കെയാണ് ഓഗസ്റ്റ് 21 വരെ വീണ്ടും നീട്ടിയതായി കാനഡ അറിയിച്ചത്. ഇന്ത്യയിൽ ഡെൽറ്റ വകഭേദം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കാനഡയിലെ പബ്ലിക് ഹെൽത്ത് ഏജൻസിയിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി ഒമർ അൽഗാബ്ര അറിയിച്ചു.