thirupathi-temple-

തിരുപ്പതി : തിരുപ്പതി വെങ്കടേശ്വര പ്രഭുവിന്റെ ഭക്തനായ വ്യവസായി ഒരു കോടി രൂപ വിലമതിക്കുന്ന വാളുമായി കാത്തിരുന്നത് ഒരു വർഷം. ഇഷ്ടദേവന് കാണിക്കയായി സമർപ്പിക്കുന്നതിന് വേണ്ടിയാണ് വ്യവസായിയായ ഭക്തൻ സ്വർണത്തിലും വെള്ളിയിലുമായി വാൾ നിർമ്മിച്ചത്. എന്നാൽ കൊവിഡ് കാരണം ഉദ്ദേശിച്ച സമയത്ത് കാണിക്ക സമർപ്പിക്കുവാൻ കഴിയാതെ പോവുകയായിരുന്നു.

ഹൈദരാബാദ്കാരനായ വ്യവസായി കൊയമ്പത്തൂരിലെ സ്വർണപ്പണിക്കാരെ കൊണ്ടാണ് വാൾ നിർമ്മിച്ചത്. ആറ് മാസമെടുത്ത് സ്വർണത്തിലും വെള്ളിയിലുമാണ് ഇത് നിർമ്മിച്ചത്. അഞ്ച് കിലോ ഭാരമുള്ള വാളിൽ രണ്ട് കിലോ സ്വർണവും മൂന്ന് കിലോ വെള്ളിയുമാണുള്ളത്. ഇന്നലെയാണ് ക്ഷേത്രത്തിലെത്തി വാൾ സമർപ്പിച്ചത്. തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അഡീഷണൽ എക്സിക്യൂട്ടീവ് ഓഫീസർ എ വെങ്കടധർമ്മ റെഡ്ഡിയാണ് വ്യവസായുടെ കയ്യിൽ നിന്നും വാൾ ഏറ്റുവാങ്ങിയത്.

ഇതിന് മുൻപും സ്വർണത്തിൽ നിർമ്മിച്ച അമൂല്യ വാളുകൾ ക്ഷേത്രത്തിന് കാണിക്കയായി ലഭിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ ഒരു വസ്ത്ര വ്യാപാരി 2018 ൽ ആറ് കിലോ സ്വർണം കൊണ്ട് തയ്യാറാക്കി വാൾ സമർപ്പിച്ചിരുന്നു, ഇതിന് 1.75 കോടി രുപയാണ് മൂല്യം കണക്കാക്കിയിരുന്നത്.