തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം ഉച്ചക്കട കുളത്തൂർ സ്വദേശിനിക്കാണ് (49) സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 38 പേർക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. എട്ട് പേരാണ് നിലവിൽ രോഗികളായുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.
തലസ്ഥാനത്ത് സിക്ക വൈറസ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചിരുന്നു. ആനയറ പ്രദേശത്തുള്ള മൂന്ന് കിലോമീറ്റർ പരിധിയിൽ സിക്ക വൈറസിന്റെ ക്ലസ്റ്റർ കണ്ടെത്തിയിരുന്നു. ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും കോർപറേഷന്റെയും നേതൃത്വത്തിൽ ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്. ആക്ഷൻ പ്ലാൻ രൂപീകരിച്ചുള്ള പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കൗൺസലിംഗും നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
കൂടാതെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കൊതുകുനശീകരണം ശക്തമായിത്തന്നെ നടത്താൻ നീക്കം ആരംഭിച്ചു. ആനയറ ഭാഗത്ത് ഫോഗിംഗ് നടത്തുന്നുണ്ട്.