parking

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന് നേരിയ ശമനം വന്നതോടെ,​ നഗരത്തിൽ സുഗമമായ വാഹന പാർക്കിംഗിന് നിർമ്മിക്കുന്ന മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രങ്ങളുടെ നിർമ്മാണം വേഗത്തിലായി. തമ്പാനൂർ, പാളയം, മെഡിക്കൽ കോളേജ്, പബ്ളിക് ഓഫീസ് എന്നിവിടങ്ങളിലാണ് ബഹുനില പാർക്കിംഗ് കേന്ദ്രങ്ങൾ നിർമ്മിക്കുന്നത്. സ്‌മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിന് കീഴിൽ അടൽ മിഷൻ റീജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്‌ഫൊർമേഷൻ (അമൃത്)​ പദ്ധതിയിലൂടെയാണ് ഇത് നടപ്പാക്കുന്നത്.

 തമ്പാനൂരിൽ

ഫെബ്രുവരിയിൽ

തമ്പാനൂരിലെ പാർക്കിംഗ് സംവിധാനം 2022ഫെബ്രുവരിയിൽ യാഥാർത്ഥ്യമാകും. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്. 2020 ഡിസംബറിൽ പൂർത്തിയാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്ന് നിർമ്മാണം മുടങ്ങിയിരുന്നു. ഇപ്പോൾ നിർമ്മാണം പൂർണതോതിൽ നടന്നുവരികയാണ്. തലസ്ഥാന നഗരത്തിലെ ഏറ്റവും വലിയ പ്രശ്നം വാഹനത്തിരക്കും അവ പാർക്ക് ചെയ്യാൻ സ്ഥലം ഇല്ലാത്തതുമാണ്. സെൻട്രൽ റെയിൽവേ സ്റ്‌റേഷന്റെയും ബസ് സ്‌റ്റാൻഡിന്റെയും പാർക്കിംഗ് കേന്ദ്രങ്ങൾ ഉണ്ടെങ്കിലും ഇരുചക്രവാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. ഇതിന് പരിഹാരമായാണ് നഗരസഭയുടെ നേതൃത്വത്തിൽ ആധുനിക രീതിയിലുള്ള ഈ സംവിധാനം ഏർപ്പെടുത്തിയത്. അമൃതം, സ്‌മാർട്ട് സിറ്റി പദ്ധതികളിലൂടെയാണ് നഗരത്തിൽ മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനങ്ങൾ സ്ഥാപിക്കുന്നത്.

അഞ്ച് നിലകൾക്ക്

​ 22 കോടി രൂപ

തമ്പാനൂരിൽ റെയിൽ കല്യാണ മണ്ഡപത്തോട് ചേർന്നുള്ള നഗരസഭയുടെ 50 സെന്റ് സ്ഥലത്താണ് അ‍ഞ്ച് നിലകളുള്ള പാർക്കിംഗ് സമുച്ചയം ഒരുങ്ങുന്നത്. നഗരത്തിലെ തന്നെ ഏറ്റവും തിരക്കേറിയ പാർക്കിംഗ് സ്ഥലമായ ഇവിടെ ഇപ്പോൾ കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും പാർക്ക് ചെയ്യാമെങ്കിലും അതുകൊണ്ടെന്നും ഇവിടത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. 22 കോടിയാണ് നിർമ്മാണ ചെലവ്. ഹെതർ കൺസ്ട്രക്ഷൻസിനാണ് നിർമ്മാണ ചുമതല. ഒരേസമയം 22 കാറുകളും 450 ബൈക്കുകളും പാർക്ക് ചെയ്യാനാകും. കെ.എസ്.ആർ.ടി.സിയുടെ പാർക്കിംഗ് കേന്ദ്രത്തിൽ കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ളതിനാലാണ് ഇവിടെ ടൂ വീലർ പാർക്കിംഗിന് കൂടുതൽ പ്രധാന്യം നൽകിയത്.

മൊബൈൽ ആപ്പും


തമ്പാനൂരിലെ മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രത്തിൽ മൊബൈൽ ആപ്പ് വഴിയായിരിക്കും സ്ളോട്ട് ബുക്കിംഗ്. ഇതിനായി ആപ്പ് തയ്യാറാക്കുന്നുണ്ട്. വാഹനങ്ങളുടെ എണ്ണം, പാർക്കിംഗ് ഒഴിവ് എന്നിവ ആപ്പിൽ അറിയാം. ഡ്രൈവർക്ക് എൻട്രി പാസ് നൽകും. എൻട്രിക്കും എക്‌സിറ്റിനും ബൂം ബാരിയേഴ്സും ഉണ്ടാകും. പാർക്കിംഗ് കേന്ദ്രം 24 മണിക്കൂറും സി.സി ടി.വി നിരീക്ഷണത്തിലായിരിക്കും. ഇതോടൊപ്പം ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനും സൗകര്യമുണ്ടാകും. പാർക്കിംഗ് ഫീസ് ഡിജിറ്റലായി അടയ്ക്കാനുമാകും.

 പുത്തരിക്കണ്ടത്തിൽ

ചെലവ് 12 കോടി

നഗരത്തിലെ തന്നെ ഏറ്റവും വലിയ പാർക്കിംഗ് കേന്ദ്രമാണ് ഇവിടെ ഉയരുക. പുത്തരിക്കണ്ടത്തെ യഥാർത്ഥ എസ്‌റ്റിമേറ്റ് 12 കോടി ആണെങ്കിലും പുതുക്കിയപ്പോൾ അത് 14.86 കോടിയായിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾക്കുള്ള പാർക്കിംഗ് ഒഴിവാക്കുകയാണെങ്കിൽ 12.19 കോടിക്ക് പദ്ധതി പൂർത്തിയാക്കാമായിരുന്നു. അതുകൊണ്ടു തന്നെ ഇരുചക്ര വാഹനങ്ങൾക്കുള്ള പാർക്കിംഗിനുള്ള തുക നഗരസഭ സ്വന്തം നിലയിൽ വഹിക്കും. തുക പുതുക്കിയാൽ വീണ്ടും കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി വാങ്ങേണ്ടി വരും. ഏഴ് നിലകളുള്ള പാർക്കിംഗ് കേന്ദ്രത്തിൽ 102 കാറുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാം.

 മെഡിക്കൽ കോളേജിൽ

202 കാറുകൾക്ക് പാർക്കിംഗ്

മെഡിക്കൽ കോളേജ് ആശുപത്രിയുടെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് മുന്നിലെ പാർക്കിംഗ് ഏരിയയിൽ നിർമ്മിക്കുന്ന സെമി ആട്ടോമാറ്റിക് മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനത്തിൽ 202 കാറുകൾ പാർക്ക് ചെയ്യാനാകും. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീഗർ സ്‌പിൻ ടെക്ക് എക്യുപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് നിർമ്മാണ കരാർ നൽകിയിരിക്കുന്നത്. 12.24 കോടിയാണ് എസ്‌റ്റിമേറ്റ്. നേരത്തെ ഇത് 11 കോടിയായിരുന്നു. ഇവിടെ 14 കോടിയുടെ പാർക്കിംഗ് കേന്ദ്രം നിർമ്മിക്കാനാണ് അനുമതി. അതിനാൽ തന്നെ എസ്‌റ്റിമേറ്റിനെക്കാൾ വരുന്ന അധികത്തുക പുത്തിരിക്കണ്ടം,​ പാളയം എന്നിവിടങ്ങളിലെ പാർക്കിംഗ് ചെലവിടാമെന്ന പ്രതീക്ഷയിലാണ് നഗരസഭ. ഇവിടത്തെ പാർക്കിംഗ് കേന്ദ്രത്തിന്റെ നിർമ്മാണം ഉടൻ തുടങ്ങുമെന്നാണ് നഗരസഭാ അധികൃതർ നൽകുന്ന സൂചന. പുത്തരിക്കണ്ടത്ത് നിർമ്മിക്കുന്ന ഏജൻസി തന്നെയാണ് മെഡിക്കൽ കോളേജിലും പാർക്കിംഗ് കേന്ദ്രം നിർമ്മിക്കുക.

 പാളയത്ത് ഏഴ് നില

മാർക്കറ്റിന്റെയും ചുറ്റുമുള്ള വാണിജ്യ മേഖലകളുടെയും പാർക്കിംഗ് ആവശ്യത്തിനുള്ള പരിഹാരമാണ് ഇലക്ട്രോ മെക്കാനിക്കൽ മൾട്ടി ലെവൽ പാർക്കിംഗ്. സാഫല്യം കോംപ്ലക്‌സിന് പിറകിൽ മാലിന്യം നിക്ഷേപിച്ചിരുന്നിടത്താണ് പാർക്കിംഗ് കേന്ദ്രം ഉയരുന്നത്. ഏഴ് നിലകളുള്ള ഇവിടെ 568 കാറും 270 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാം. 32.99 കോടിയാണ് ചെലവ്.