300 കോടിയുടെ തട്ടിപ്പ് നടന്നതായും സംശയം
തൃശൂർ: സി.പി.എം നിയന്ത്രണത്തിലുള്ള കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് വിവിധ കാലയളവുകളിലായി വെട്ടിച്ച നൂറ് കോടിയിലേറെ രൂപ നിക്ഷേപിച്ചത് റിയൽ എസ്റ്റേറ്റ് മേഖലയിൽ. എന്നാൽ കഴിഞ്ഞ എതാനും വർഷമായ റിയൽ എസ്റ്റേറ്റ് കച്ചവടം മന്ദഗതിലായതോടെയാണ് തട്ടിപ്പ് സംഘം പ്രതിസന്ധിയിലായത്. നിലവിൽ നൂറ് കോടിയുടെ വെട്ടിപ്പ് നടന്നുവെന്നാണ് പറയുന്നതെങ്കിലും 300 കോടിയോളം രൂപ തട്ടിയെടുത്തായും റിപ്പോർട്ടുകളുണ്ട്.
നിലവില സെക്രട്ടറി ശ്രീകല ഇരിങ്ങാലക്കുട പൊലീസിൽ കഴിഞ്ഞ ദിവസം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, മാസങ്ങൾക്ക് മുമ്പ് തന്നെ വകുപ്പുതല അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ ഉൾപ്പെട്ടിരുന്നവരുടെയും ഈ കാലയളവിൽ ഉണ്ടായിരുന്ന ഭരണ സമിതി അംഗങ്ങളുടെയും സ്വത്ത് കണ്ടെത്താനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. പ്രതികളിൽ ഒരാളായ കിരണിന്റെ അക്കൗണ്ടിലേക്ക് മാത്രം 23 കോടി രൂപയാണ് എത്തിയിട്ടുള്ളത്. ഭൂമിയുടെ മതിപ്പു വിലയെക്കാൾ കൂടുതൽ തുക വായ്പ അനുവദിക്കൽ, ബാങ്കിന് കീഴിലുള്ള സൂപ്പർ മാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങിയതിലെ ക്രമക്കേട് എന്നിവ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 50 ലക്ഷം രൂപ വീതം അനുവദിച്ച 46 വായ്പകൾ പെരിഞ്ഞനം സ്വദേശിയായ കിരണിന്റെ ഒരേ അക്കൗണ്ടിലേക്ക് പോയ ക്രമക്കേടും കണ്ടെത്തി. പ്രതികളാക്കിയവരിൽ മുൻ സെക്രട്ടറിയും ബിജുവും ഇപ്പോഴും സി.പി.എമ്മിന്റെ ലോക്കൽ കമ്മിറ്റി അംഗങ്ങളാണ്. ഇവർക്കെതിരെ ഇതുവരെയും നടപടി എടുക്കാൻ തയ്യാറായിട്ടില്ല. ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാർ, മുൻ ബ്രാഞ്ച് മാനേജർ ബിജു, മുൻ സീനിയർ അക്കൗണ്ടന്റ് ജിൽസ്, കരാറുകാരായ കിരൺ, ബിജോയ്, ബാങ്കിന് കീഴിലുള്ള സൂപ്പർ മാർക്കറ്റിലെ അക്കൗണ്ടന്റ് റെജി അനിൽ എന്നിവരെ പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തത്.
പാർട്ടിയുടെ മൗനം തട്ടിപ്പിന് വളമായി
സി.പി.എമ്മിന്റെ ലോക്കൽ കമ്മിറ്റി മുൻ അംഗം സുരേഷാണ് വെട്ടിപ്പ് സംബന്ധിച്ച് പാർട്ടി വേദികളിൽ ആദ്യം ഉന്നയിച്ചത്. വർഷങ്ങൾക്ക് മുമ്പ് തന്നെ ബാങ്കിൽ ക്രമക്കേട് നടന്നിട്ടും നേതൃത്വം കണ്ടില്ലെന്ന് നടക്കുകയായിരുന്നു. ബേബി ജോൺ മാസ്റ്റർ പാർട്ടി ജില്ലാ സെക്രട്ടറിയായിരിക്കെ ബാങ്കുമായി ബന്ധപ്പെട്ട് രൂപീകരിച്ച സബ് കമ്മിറ്റിയിൽ സുരേഷ് ക്രമക്കേട് ചൂണ്ടികാണിച്ചിരുന്നു. തുടർന്നും നടപടി ഇല്ലാതെ വന്നതോടെ ബേബിജോൺ മാസ്റ്റർ പരാതി നൽകുകയും ചെയ്തു. ഇതേത്തുടർന്ന് അന്വേഷണകമ്മിഷനെ വച്ചെങ്കിലും മറ്റ് നടപടികൾ ഉണ്ടായില്ല. കഴിഞ്ഞ എതാനും ആഴ്ചകളായി ബാങ്കിന്റെ പ്രവർത്തനം അവതാളത്തിൽ ആണെന്ന് തിരിച്ചറിഞ്ഞതോടെ ലക്ഷങ്ങൾ നിക്ഷേപിച്ച സഹകാരികൾ പണം പിൻവലിക്കാൻ എത്തി തുടങ്ങിയിരുന്നു. എന്നാൽ ലക്ഷങ്ങൾ നിക്ഷേപിച്ചിരുന്നവർ പണം പിൻവലിക്കാൻ എത്തിയപ്പോൾ നൽകിയത് ആഴ്ചയിൽ നൽകിയിരുന്നത് പതിനായിരം രൂപ മാത്രമാണ്. ഇതോടെ നിക്ഷേപകർ ബഹളം വച്ച് തുടങ്ങിയതോടെയാണ് പരാതി നൽകാൻ നിലവിലെ ഭരണ സമിതി തയ്യാറായത്. എകാദേശം ഇരുപത് വർഷത്തോളമായി ബാങ്കിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. സാധാരണക്കാരുടെ ചെറു നിക്ഷേപങ്ങൾ മുതൽ അമ്പത് ലക്ഷം രൂപ വരെ നിക്ഷേപം ഉള്ളവർ ബാങ്കിൽ ഉണ്ട്.
നോട്ട് നിരോധനം മറയാക്കി
വായ്പ എടുക്കാൻ എത്തുന്നവരുടെ ആധാരമടക്കമുള്ള രേഖകൾ കൈവശപ്പെടുത്തിയ ശേഷം, മോദി സർക്കാർ കൊണ്ട് വന്ന നോട്ട് നിരോധനം കാരണം പണം ഇല്ലെന്നും പ്രതിസന്ധി തീർന്നാൽ ഉടൻ നൽകാമെന്നും വായ്പ എടുക്കാൻ എത്തിയവരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും പറയുന്നു. സായ്ലക്ഷ്മിയെന്ന സ്ത്രീ പത്ത് ലക്ഷം രൂപ വായ്പയ്ക്ക് അപേക്ഷിച്ചെങ്കിലും നോട്ട് നിരോധനമായിരുന്നതിനാൽ പണം നൽകിയിരുന്നില്ല. എന്നാൽ, ഇവരുടെ പേരിൽ ഭൂമിയുടെ മതിപ്പു വിലയേക്കാൽ മൂന്നിരട്ടി തുക ഇവർ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയിരുന്നു.