a-k-saseendran

തിരുവനന്തപുരം: പീഡന പരാതി ഒതുക്കി തീർക്കാൻ ഇടപെട്ടെന്ന വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പിണറായി വിജയന് വിശദീകരണം നൽകി മന്ത്രി എ.കെ. ശശീന്ദ്രന്‍. പീഡന പരാതി പിന്‍വലിക്കാന്‍ അല്ല ആവശ്യപ്പെട്ടത്. പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ട വിഷയം എന്ന നിലയ്ക്കാണ് ഫോണ്‍ വിളിച്ചതെന്നും മന്ത്രി വിശദീകരിച്ചു. എൻ.സി.പിക്ക് അകത്തും ശശീന്ദ്രൻ ഇതേ വിശദീകരണമാണ് നല്‍കിയത്.

എന്‍.സി.പി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പത്മാകരനെതിരായ സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ശശീന്ദ്രൻ പെണ്‍കുട്ടിയുടെ അച്ഛനെ വിളിച്ചാണ് ആവശ്യപ്പെട്ടത്. പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്നാവശ്യപ്പെട്ട് പിതാവിനെ വിളിച്ചതിന്‍റെ ശബ്ദരേഖ പുറത്തു വന്നതോടെ മന്ത്രി പ്രതിരോധത്തിലാവുകയായിരുന്നു. ഫോണ്‍ സംഭാഷണം പുറത്തു വന്നതോടെ കേസിനെ പറ്റി അറിയാതെയാണ് വിളിച്ചതെന്നും തന്‍റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും ശശീന്ദ്രൻ പ്രതികരിച്ചു.

പരാതിക്കാരിയുടെ അച്ഛൻ തന്‍റെ പാർട്ടിക്കാരനാണ്. കാര്യം അന്വേഷിക്കാനാണ് വിളിച്ചത്. ആദ്യം കരുതിയത് പാർട്ടിയിലെ പ്രശ്‌നം ആണെന്നാണ്. പിന്നീടാണ് വിഷയം അറിഞ്ഞത്. വിഷയവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ തനിക്കറിയില്ല. ആ സംസാരത്തോടെ ഈ വിഷയം വിട്ടുവെന്നും ശശീന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.