goat-

ലക്നൗ : ഈ വർഷത്തെ ബക്രീദ് ആഘോഷിക്കുന്നതിനായി ആടുകളെ വാങ്ങുവാൻ ഉത്തർപ്രദേശിലെ ലക്നൗവിലെ മാർക്കറ്റിലെത്തിയ യുവാവിൻെറ കണ്ണുകളിൽ ഉടക്കിയത് ലക്ഷങ്ങൾ വിലവരുന്ന രണ്ട് ആടുകളെയാണ്. മോഹ വില നൽകിയാണ് ഇയാൾ മുട്ടനാടുകളെ സ്വന്തമാക്കിയത്. 4.5 ലക്ഷം രൂപയാണ് രണ്ട് ആടുകൾക്കുമായി ഇയാൾ ചിലവാക്കിയത്. ലക്നൗവിലെ ഗോംതി നദിക്കടുത്തുള്ള മാർക്കറ്റിലാണ് സംഭവം.

ലക്ഷങ്ങൾ നൽകി വാങ്ങിയ ആടുകളിൽ ഒരെണ്ണം 170 കിലോയും മറ്റൊന്നും 150 കിലോയും ഭാരമുള്ളതാണ്. ലക്ഷങ്ങൾ വിലമതിക്കുന്നതിന് കാരണമായത് ഈ ആടുകൾക്ക് നൽകുന്ന ആഹാരങ്ങളിലെ പ്രത്യേകത കൊണ്ടാണ്. ദിവസം കശുവണ്ടി, പിസ്ത, ബദാം, മധുരപലഹാരങ്ങൾ, ജ്യൂസുകൾ എന്നിവ നൽകിയാണ് ഇവയെ ഉടമസ്ഥർ പരിപാലിച്ചിരുന്നത്. ഒരു ദിവസം ഭക്ഷണത്തിന് മാത്രമായി 600 രൂപയാണ് ചിലവാക്കിയിരുന്നത്. ഇത് കൂടാതെ വൃത്തിയായി പരിപാലിക്കുന്നതിന് പ്രത്യേക ശ്രദ്ധയും നൽകിയിരുന്നു.

അതേസമയം ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി മാർക്കറ്റുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇവയിൽ പലതും പ്രവർത്തിച്ചതെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒത്തുകൂടിയവരിൽ മാസ്‌ക് പോലും ധരിക്കാത്തവർ ധാരാളമുണ്ടായിരുന്നു.