#കബളിപ്പിച്ചത് മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള കൂട്ടുകാരി
#മകൻ ടെലികമ്യൂണിക്കേഷൻ സി.ഐ ചമഞ്ഞു
ആലുവ: മൂന്ന് പതിറ്റാണ്ട് മുമ്പ് കോളേജിൽ പഠിക്കുമ്പോഴുള്ള സൗഹൃദമാണ് ബാങ്ക് ഉദ്യോഗസ്ഥന്റെ 52 ലക്ഷം രൂപ തട്ടിയെടുക്കാൻ വഴിതുറന്നത്. ആലുവയിലെ പ്രമുഖ ബാങ്കിൽ മാനേജരായി ജോലി ചെയ്യുന്ന രാമമംഗലം സ്വദേശിയെ തൃപ്പൂണിത്തുറ തിരുവാങ്കുളം മഠത്തിപ്പറമ്പിൽ ഉഷ (50), മകൻ അഖിൽ (25) എന്നിവരാണ് കബളിപ്പിച്ചത്.
കോലഞ്ചേരിയിലെ ഒരു പ്രമുഖ കോളേജിൽ ബാങ്ക് മാനേജരുടെ പ്രീഡിഗ്രി ക്ളാസിൽ സഹപാഠിയായിരുന്നു ഉഷ. ഒന്നര വർഷം മുമ്പ് കോളേജിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ വർഷങ്ങൾക്ക് ശേഷം ഇരുവരും കണ്ടുമുട്ടി. തുടർന്നുണ്ടായ സൗഹൃദത്തിലാണ് ബിസിനസ് ആവശ്യത്തിനെന്ന പേരിൽ 52 ലക്ഷം രൂപ ഉഷയും മകനും ചേർന്ന് തട്ടിയെടുത്തത്. മകൻ ടെലികമ്യൂണിക്കേഷൻ സി.ഐ ആണെന്നും ബാങ്ക് ഉദ്യോഗസ്ഥനെ ഇവർ ധരിപ്പിച്ചിരുന്നു. മാത്രമല്ല, തിരുവനന്തപുരത്തെ ഒരു സ്റ്റേഷനിൽ സി.ഐആണെന്നാണ് നാട്ടിൽ പ്രചരിപ്പിച്ചിരുന്നത്. പ്രതികൾ താമസിച്ചിരുന്നത് വാടക വീട്ടിലായതിനാൽ പരിസരവാസികളുമായി കൂടുതൽ അടുപ്പവും ഉണ്ടായിരുന്നില്ല.
കഴിഞ്ഞ വർഷം ഒടുവിൽ പല ഘട്ടങ്ങളിലായാണ് ഇവർ പണം തട്ടിയത്. ഉഷ ബിസിനസ് ആവശ്യത്തിന്റെ പേരിൽ ആദ്യം പത്ത് ലക്ഷം രൂപയാണ് ആദ്യം വാങ്ങിയത്. പിന്നീട് ബാങ്ക് അക്കൗണ്ട് വഴി 42 ലക്ഷത്തോളം രൂപയും കൈപ്പറ്റി. ഇതിൽ 10 ലക്ഷം രൂപ മകൻ ആലുവയിൽ വച്ച് ബ്ലാങ്ക് ചെക്ക് നൽകിയാണ് കൈപ്പറ്റിയത്. പിന്നീട് ഈ ചെക്ക് മാറാൻ ബാങ്കിൽ നൽകിയപ്പോൾ അക്കൗണ്ടിൽ പണമില്ലാത്തതിനാൽ മടങ്ങി. ആറു ലക്ഷം രൂപ മാത്രമാണ് ഇവർ തിരിച്ചു നൽകിയത്. പരാതി ലഭിച്ചതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃതത്തിൽ പ്രത്യേക ടീം രൂപികരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ആലുവ എസ്.എച്ച്.ഒ സി.എൽ. സുധീർ, എസ്.ഐ. എം.എം ഖദീജ, എ.എസ്.ഐ ബിനോജ് ഗോപാലകൃഷണൻ, സി.പി.ഒ സജീവ് എന്നിവരും പ്രത്യേക അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇരുവരെയും ആലുവ കോടതി റിമാൻഡ് ചെയ്തു.