വാഷിംഗ്ടൺ : സ്പേസ് ടൂറിസം രംഗത്ത് ചരിത്രനേട്ടങ്ങൾ സ്വന്തമാക്കി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസിന്റെ നേതൃത്വത്തിൽ നാലംഗ സംഘം ഇന്നലെ ബഹിരാകാശം തൊട്ട് വിജയകരമായി ഭൂമിയിൽ പറന്നിറങ്ങി.

യു.എസിലെ വെസ്റ്റ് ടെക്സാസ് സ്‌പേസ്‌പോർട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് ഇന്ത്യൻ സമയം 6.43നായിരുന്നു ബെസോസിന്റെ തന്നെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിൻ കമ്പനിയുടെ ക്രൂ ക്യാപ്‌സൂളുമായി ബൂസ്റ്റർ റോക്കറ്റ് പറന്നുയർന്നത്.

ബഹിരാകാശം കണ്ട്, സീറോ ഗ്രാവിറ്റിയുടെ മാന്ത്രികത സ്വന്തമായി അനുഭവിച്ച് 10മിനിട്ട് 21 സെക്കൻഡിന് ശേഷം നാലംഗസംഘം ഭൂമിയിൽ തിരികെയെത്തിയത് നിരവധി ലോക റെക്കാഡുകളിലേക്കാണ്. ഇതാദ്യമായി, ബഹിരാകാശ വിദഗ്ദ്ധരില്ലാതെ, നിയന്ത്രിക്കാൻ പൈലറ്റില്ലാതെ സാധാരണക്കാരുടെ സംഘം ബഹിരാകാശം തൊട്ടു തിരിച്ചുവന്നു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ യാത്രികൻ, ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികൻ എന്നീ റെക്കാഡുകളും സംഘത്തിന് സ്വന്തം.

ജെഫ് ബെസോസ്, സഹോദരൻ മാർക്ക് ബെസോസ്, 82 കാരിയായ വാലി ഫങ്ക്, 18 കാരനായ ഒലിവർ ഡീമൻ എന്നിവരാണ് ബഹിരാകാശ യാത്രികരായി പേടകത്തിലുണ്ടായിരുന്നത്. യാത്ര വിജയകരമായി പൂർത്തിയാക്കിയതോടെ ബഹിരാകാശയാത്ര നടത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന നേട്ടം വാലി ഫങ്കിന് സ്വന്തം. യു.എസ് ബഹിരാകാശ യാത്രികനായ ജോൺ ഗ്ലെന്നിന്റെ പേരിലായിരുന്ന റെക്കാ‌ഡാണ് വാലി ഫങ്ക് തകർത്തത്. അമേരിക്കയുടെ ആദ്യകാല വൈമാനികയും 1960 കളിൽ നാസയുടെ പരിശീലനത്തിൽ പങ്കെടുത്ത് ബഹിരാകാശത്ത് പോകാൻ തയ്യാറെടുക്കുകയും ചെയ്ത വ്യക്തിയാണ് ഫങ്ക്. എന്നാൽ അവസാനനിമിഷം പിന്തള്ളപ്പെട്ട വാലിയുടെ സ്വപ്നമാണ് 60 വർഷങ്ങൾക്കിപ്പുറം ഈ യാത്രയോടെ പൂർത്തീകരിക്കപ്പെട്ടത്. പ്രത്യേക അതിഥിയായാണ് ബെസോസ് വാലിയെ സംഘത്തിൽ ഉൾപ്പെടുത്തിയത്.

ഈ യാത്രയോടെ ബഹിരാകാശത്തേക്ക് പറന്ന ഏറ്റവും പ്രായം കുറഞ്ഞ യാത്രികൻ എന്ന നേട്ടം ഒലിവർ ഡീമൻ കരസ്ഥമാക്കി. 25 ാം വയസിൽ ബഹിരാകാശത്തെത്തിയ റഷ്യൻ ബഹിരാകാശ യാത്രികനായ യെർമന്‍ തിത്തോവിന്റെ റെക്കാഡാണ് ഒലിവർ തകർത്തത്. നെതർലൻഡ്സിലെ ശതകോടീശ്വരനായ ജോസ് ഡീമന്റെ മകനാണ് ഒലിവർ. ബഹിരാകാശത്തേക്ക് പോകുന്നതിനായി ബ്ലൂ ഒറിജിന്റെ ലേലത്തിൽ പങ്കെടുത്ത ജോസ് ബരിരാകാശ ഗവേഷണത്തിൽ ഏറെ താത്പര്യമുള്ള തന്റെ മകനായ ഒലീവറിന് ആ സീറ്റ് സമ്മാനമായി നൽകുകയായിരുന്നു.

നെതർലൻഡ്സിലെ യൂട്രെക്ട് സർവകലാശാലയിൽ ഫിസിക്സ് പഠനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഒലിവർ.

ലോകത്തിലെ രണ്ടാമത്തെ ബഹിരാകാശ വിനോദയാത്രയാണിത്. ആദ്യ യാത്രയുടെ റെക്കാഡ് ജൂലായ് 11ന് ശതകോടീശ്വരൻ റിച്ചാഡ് ബ്രാൻസന്റെ ഗലാക്ടിക് കമ്പനി സ്വന്തമാക്കി.

ന്യൂ ഷെപ്പേർഡ് പേടകം

 ക്രൂ ക്യാപ്സൂളും ബൂസ്റ്റർ റോക്കറ്റും ഉൾപ്പെടുന്ന 60 അടി ഉയരമുള്ള പേടകം.

 ഉപഗ്രഹത്തിന്റേതിന് സമാനമായ പ്രവർത്തനം

 15 ക്യുബിക് മീറ്റർ വലിപ്പമുള്ള ക്രൂ ക്യാപ്സൂളിൽ ഒരേസമയം ആറു പേർക്കിരിക്കാം.

 ഡ്രാഗ് ബ്രേക്ക് ഉപയോഗിച്ച് വേഗം കൂട്ടാനും കുറയ്ക്കാനും കഴിയുന്ന ബൂസ്റ്റർ റോക്കറ്റ്.

ബഹിരാകാശത്ത് സഞ്ചാരികൾക്ക് സീറ്റ് ബെൽറ്റ് അഴിച്ച് സീറോ ഗ്രാവിറ്റിയും ഭാരമില്ലായ്മയും അനുഭവിച്ചറിയാം.

 ബഹിരാകാശത്ത് നിന്നുള്ള ഭൂമിയിലെ കാഴ്ചകൾ കാണാം.

 ബൂസ്റ്റർ റോക്കറ്റ് പുനരുപയോഗിക്കാൻ കഴിയും.

 സാങ്കേതിക തകരാറുകൾ മൂലം വിക്ഷേപണ വാഹനത്തിൽ അഗ്നിബാധയാൽ രക്ഷപ്പെടാനുള്ള സംവിധാനങ്ങളും പേടകത്തിലുണ്ട്.

പത്തു മിനിട്ടിലെ അദ്ഭുതം

വൈകിട്ട് 6.43 : ബ്ലൂ ഒറിജിൻ കമ്പനിയുടെ ക്രൂ ക്യാപ്‌സൂളുമായി ബൂസ്റ്റർ റോക്കറ്റ് പറന്നുയർന്നു

 7 മിനിറ്റ് 32–ാം സെക്കൻഡിൽ ബൂസ്റ്റർ റോക്കറ്റ് സുരക്ഷിതമായി ലാൻഡിംഗ് പാഡിലേക്കു തിരിച്ചെത്തി

 8 മിനിറ്റ് 25–ാം സെക്കൻഡിൽ ക്രൂ ക്യാപ്സൂളിന്റെ പാരച്യൂട്ട് വിടർന്നു

 10 മിനിറ്റ് 21–ാം സെക്കൻഡിൽ ക്യാപ്‌സൂൾ നിലംതൊട്ടു

 വളരെ സന്തുഷ്ടരായ ഒരുകൂട്ടം ആളുകളോടൊപ്പമുള്ള സന്തോഷകരമായ യാത്ര.

- ജെഫ് ബെസോസ്