കൊച്ചി: ഗോവയിലെ പർത്തഗാളി ജീവോത്തമ മഠാധിപതി സ്വാമി വിദ്യാധിരാജ തീർത്ഥ (76) സമാധിയായി. ഗൗഢസാരസ്വത ബ്രാഹ്മണരുടെ ആത്മീയ ഗുരുക്കന്മാരിൽ പ്രമുഖനാണ്. കാൺകോറിലെ മഠം ആസ്ഥാനത്തായിരുന്നു അന്ത്യം. സമാധിയിരുത്തൽ ചടങ്ങുകൾ ആശ്രമത്തിൽ നടത്തി.
പുതിയ മഠാധിപതിയായി വിദ്യാധീശ തീർത്ഥ സ്ഥാനമേൽക്കും. കർണാടകയിലെ കുന്താപ്പുര സ്വദേശിയായ സ്വാമി വിദ്യാധിരാജ തീർത്ഥയുടെ പൂർവാശ്രമനാമം രാഘവേന്ദ്ര ആചാര്യയെന്നാണ്. കേരളവുമായി നിരന്തരം ബന്ധപ്പെടുന്നയാളായിരുന്നു സ്വാമി. കായംകുളം ശ്രീവിഠോബ ക്ഷേത്രത്തിൽ ചാതുർമാസ്യവ്രതവും അനുഷ്ഠിച്ചിട്ടുണ്ട്. മഠത്തിൽ ഏറ്റവും ദീർഘകാലം അധിപതിയായ സന്യാസവര്യനും ഇദ്ദേഹമാണ്. 1973ൽ 23ാം മഠാധിപതിയായി സ്ഥാനമേറ്റതാണ് സ്വാമി. പിന്നീട് രാജ്യത്തെ 33 കേന്ദ്രങ്ങളിൽ മഠങ്ങൾ സ്ഥാപിച്ചു. സംസ്കൃതവും ജ്യോതിഷവുമുൾപ്പെടെ വിവിധ മേഖലകളിൽ പണ്ഡിതനുമായിരുന്നു.