jeff-bezos

വാഷിംഗ്ടണ്‍: ശതകോടീശ്വരന്‍ റിച്ചഡ് ബ്രാന്‍സണു പിന്നാലെ ബഹിരാകാശത്തേക്ക് പറന്ന് ആമസോണ്‍ മേധാവി ജെഫ് ബെസോസ്‌. യു.എസിലെ വെസ്റ്റ് ടെക്സസ് സ്പേസ്പോർട്ടിലെ വിക്ഷേപണത്തറയിൽനിന്ന് സ്വന്തം കമ്പനിയുടെ ബ്ലൂ ഒറിജിന്‍ റോക്കറ്റിലായിരുന്നു യാത്ര. ചന്ദ്രനില്‍ മനുഷ്യന്‍ കാലു കുത്തിയതിന്റെ അൻപത്തിരണ്ടാം വാര്‍ഷികത്തിലാണ് ബെസോസും ഒപ്പമുളള മൂന്ന് പേരും ബഹിരാകാശത്തേക്ക് കുതിച്ചത് എന്ന പ്രത്യേകതയും ഈ യാത്രയ്ക്കുണ്ട്.

ഇന്ത്യൻ സമയം വൈകിട്ട് 6.43ന് യാത്ര തിരിച്ച സംഘം 10 മിനുട്ട് 21 സെക്കൻഡിനു ശേഷമാണ് അമേരിക്കയിലെ ടെക്സസിലെ മരുപ്രദേശത്ത് തിരിച്ചെത്തിയത്. ദൃശ്യങ്ങള്‍ കമ്പനി തത്സമയം സംപ്രേഷണം ചെയ്തു. താൻ അതീവ സന്തോഷവാനാണെന്ന് ബെസോസ് പ്രതികരിച്ചു. ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ട് 2000ത്തിലാണ് ബെസോസ് ബ്ലൂ ഒറിജിൻ സ്പേസ് കമ്പനി ആരംഭിച്ചത്. അമേരിക്കയിൽനിന്ന് ആദ്യം ബഹിരാകാശത്ത് എത്തിയ അലൻ ഷെപ്പേർഡിന്റെ പേരിൽ നിന്നുമാണ് ബ്ലൂ ഒറിജിൻ റോക്കറ്റിന് ന്യൂ ഷെപ്പേർഡ് എന്ന പേര് നൽകിയിയത്.

Capsule, touchdown! Welcome home to #NewShepard’s first astronaut crew. A truly historic day. #NSFirstHumanFlight

— Blue Origin (@blueorigin) July 20, 2021

ലോക ചരിത്രത്തിലെ രണ്ടാമത്തെ ബഹിരാകാശ വിനോദ യാത്രയാണ് ബെസോസിന്റെ നേതൃത്വത്തിൽ നടന്നത്. വിർജിൻ ഗാലക്റ്റിക് ഉടമ റിച്ചാർഡ് ബ്രാൻസണിന്റെ നേതൃത്വത്തിൽ ജൂലൈ 11നായിരുന്നു ആദ്യ യാത്ര. രണ്ട് പൈലറ്റ് ഉള്‍പ്പെടെ ആറ് പേരായിരുന്നു ബ്രാന്‍സന്റെ സ്‌പേസ് യാത്രയിലുണ്ടായിരുന്നത്. ഇന്ത്യക്കാരിയായ സിരിഷ ബാന്ദ്‌ലയും ടീമില്‍ ഉണ്ടായിരുന്നു.