രാജ്‌കോട്ട് : പെട്രോൾ വില മാനം മുട്ടെ ഉയരുമ്പോൾ ഏവരും ചിന്തിക്കുന്നത് ഇവക്ട്രിക് വാഹനത്തെ കുറിച്ചാണ്. എന്നാൽ ഇപ്പോഴും ശൈശവ ദശയിലായ ഇ വാഹനവിപണിയ്ക്കായി കുറച്ച് വർഷങ്ങൾ കൂടി കാത്തിരിക്കാനാവും വിദഗ്ദ്ധർ ഉപദേശം നൽകുക. ഇതിന് അവസാനം കുറിച്ചിരിക്കുകയാണ് ഗുജറാത്തിലെ ഒരു സംഘം യുവാക്കൾ. പെട്രോളിലും വൈദ്യുതിയിലും ഒരേ സമയം യാത്ര ചെയ്യാനാവുന്ന ബൈക്കുകളാണ് ഇവർ വികസിപ്പിച്ചിരിക്കുന്നത്. രാജ്‌കോട്ടിലെ വിവിപി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളാണ് ഈ പുത്തൻ കണ്ടുപിടിത്തത്തിന് പിന്നിലുള്ളത്.
പൂർണമായും ചാർജ് ചെയ്ത വാഹനത്തിന് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ ഓടിക്കാൻ കഴിയും. ഇന്ധനത്തിൽ നിന്നും വൈദ്യുതിയിലേക്ക് മാറുന്നതിനായി ഹാൻഡിലിൽ ഘടിപ്പിച്ചിരിക്കുന്ന സ്വിച്ച് തിരിച്ചാൽ മാത്രം മതി. പൂർണമായും ചാർജ് ചെയ്യുന്നതിനായി ആറു മണിക്കൂർ ആവശ്യമാണ്. 17 പൈസയ്ക്ക് ഒരു കിലോമീറ്റർ സഞ്ചരിക്കാനാവും. ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾ രാജ്യത്ത് സജീവമാകുന്നുണ്ടെങ്കിലും ആരും ഇത്തരമൊരു ആശയം കൊണ്ടുവന്നിട്ടില്ല.
Gujarat | Students of VVP Engineering College in Rajkot develop a motorbike that can run on both petrol and electricity.
— ANI (@ANI) July 18, 2021
"Fuel prices are skyrocketing. E-vehicles have issues like slow charging. So we thought of a vehicle that can run on both," Dr Maniar, Dean, Mechanical Dept pic.twitter.com/VEyOcU1IkQ
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി യഥേഷ്ടം സബ്സിഡികൾ നൽകുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഗുജറാത്ത് ഇലക്ട്രിക് വെഹിക്കിൾ പോളിസി 2021 പ്രകാരം ഇരുചക്ര വാഹനങ്ങൾക്ക് 20,000 രൂപ വരെയും ത്രീ വീലറുകൾക്ക് 50,000 രൂപ വരെയും കാറുകൾക്ക് 1.5 ലക്ഷം രൂപ വരെയും സബ്സിഡി നൽകുന്നുണ്ട്.