ananya-kumari-alex

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി, ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റേഡിയോ ജോക്കി അവതാരക എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയായിരുന്നു അനന്യ.

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ പറ്റിയ പിഴവ് മൂലം താൻ ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്നുണ്ടെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെ അടുത്തിടെ അനന്യ ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ലിംഗമാറ്റ ശസ്‍ത്രക്രിയ ചെയ്‌തത്‌. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും ജോലി ചെയ്യാൻ സാധിക്കുന്നില്ലെന്നും ശാരീരിക പ്രശ്നങ്ങളും നേരിടുന്നതായും അനന്യ പറഞ്ഞിരുന്നു.

സംസ്ഥാനത്തെ ആദ്യ ട്രാന്‍സ് സ്ഥാനാര്‍ത്ഥിയെന്ന വിശേഷണത്തോടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം വേങ്ങര മണ്ഡലത്തില്‍ മത്സരിക്കാനായി നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു. എന്നാല്‍ ടിക്കറ്റ് നല്‍കിയ ഡി.എസ്.ജി.പിയുമായുള്ള അഭിപ്രായഭിന്നതകളേത്തുടര്‍ന്ന് മത്സരരംഗത്തുനിന്നും പിന്‍മാറുകയായിരുന്നു.