കൊളംബോ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് ജയം. ശ്രീലങ്കൻ ബാറ്റിംഗ് നിര ഉയർത്തിയ 275 റൺസ് വിജയലക്ഷ്യം ശിഖർ ധവാന്റെ നീലപ്പട 49.1 ഓവറിൽ മറികടന്നു. ഇതോടെ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമായി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 275 റൺസ് നേടിയത്. മദ്ധ്യനിര ബാറ്റ്സ്മാൻ ചാരിത് അസലങ്ക (68 പന്തിൽ 65), ഓപ്പണർ ആവിഷ്ക ഫെർണാണ്ടോ (50) എന്നിവർ ലങ്കയ്ക്കായി തിളങ്ങി. ചമിക കരുണാ രത്ന പുറത്താകാതെ 33 ബോളിൽ 44 റൺസ് എടുത്തു. ഇന്ത്യയ്ക്കായി യുസ്‌വേന്ദ്ര ചെഹൽ, ഭുവനേശ്വർ കുമാർ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ദീപക് ചഹാർ രണ്ട് വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ദീപക് ചഹർ ആണ് രക്ഷകനായത്. ചഹർ 82 ബോളിൽ 69 റൺസ് എടുത്തു. സൂര്യകുമാർ യാദവ് 44 ബോളിൽ 53 റൺസും മനീഷ് പാണ്ഡെ 31 ബോളിൽ 37 റൺസും നേടി. ശ്രീലങ്കയ്ക്കു വേണ്ടി വനിൻഡു ഹസരൻഗ മൂന്ന് വിക്കറ്റും കസുൻ രാജിത്, ലക്ഷൻ, ദാസുൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.