saseendran

തിരുവനന്തപുരം: നിയമസഭാ സമ്മേളനം നാളെ തുടങ്ങാനിരിക്കെ മന്ത്രി എ കെ ശശീന്ദ്രന്‍റെ ഫോൺവിളി വിവാദം നിയമസഭയിൽ ആളിക്കത്തിക്കാനൊരുങ്ങി പ്രതിപക്ഷം. വിഷയത്തിൽ മുഖ്യമന്ത്രി എടുക്കുന്ന നിലപാടാണ് ഏവരും ഉറ്റുനോക്കുന്നത്. ഇരയ്‌ക്ക് നീതി നേടി കൊടുക്കേണ്ട മന്ത്രി പ്രതിക്ക് വേണ്ടി ഇടപെട്ടത് സി പി എമ്മിനും സര്‍ക്കാരിനും വലിയ തലവേദനയാണ് സൃഷ്‌ടിച്ചിരിക്കുന്നത്.

പാര്‍ട്ടി തര്‍ക്കമെന്ന് വാദിക്കാമെങ്കിലും പെണ്‍കുട്ടി നിയമനടപടിയുമായി മുന്നോട്ട് പോയാല്‍ ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനത്തിന് ഭീഷണിയാണ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ കുണ്ടറയിലെ പ്രാദേശിക എന്‍ സി പി നേതാക്കള്‍ക്കെതിരെ ഇന്നലെ രാത്രിയോടെ കുണ്ടറ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ കുറ്റക്കാരനെന്ന് തെളിയാതെ മുഖ്യമന്ത്രി ശശീന്ദ്രനെ കൈവിടില്ലെന്ന വിശ്വാസത്തിലാണ് എൻ സി പിയിലെ ശശീന്ദ്രൻ അനുകൂലികൾ.

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി നല്‍കുന്ന മൊഴി ശശീന്ദ്രന് നിർണായകമാണ്. പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി കുടുംബത്തില്‍ സമ്മര്‍ദം ചെലുത്തിയെന്ന മൊഴി നല്‍കിയാല്‍ ,ശശീന്ദ്രനെതിരെ കേസ് എടുക്കാന്‍ പൊലീസ് നിര്‍ബന്ധിതമാവും. ശശീന്ദ്രനെതിരെ പൊലീസ് കേസ് എടുത്തില്ലെങ്കിലും പെണ്‍കുട്ടിയുടെ കുടുബത്തിന് കോടതിയെ സമീപക്കാനാവും . കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ശശീന്ദ്രന്‍ കേസില്‍ പ്രതിയായാല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ ബുദ്ധിമുട്ടാവും. ശശീന്ദ്രന്‍ സമ്മര്‍ദം ചെലുത്തിയെന്ന പരാതി എന്‍ സി പിയും അന്വേഷണം നടത്തുന്നുണ്ട്.

എൻ സി പി എം എൽ എയായ തോമസ് കെ തോമസും പാർട്ടി അദ്ധ്യക്ഷൻ പി.സി ചാക്കോയും ശശീന്ദ്രനെ അനുകൂലിക്കുന്ന നിലപാടാണ് തുടക്കത്തിൽ സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടി തര്‍ക്കത്തില്‍ ഇടപെട്ടെന്ന് ശശീന്ദ്രന്‍റെ വാദം ധാര്‍മികമായോ നിയമപരമായോ നില്‍ക്കില്ലെന്നതാണ് എൽ ഡി എഫിനെ പ്രതിരോധത്തിലാക്കുന്നത്. പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദം ചെലുത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ പരാതിക്കാരി മൊഴിയില്‍ ഉറച്ചുനിന്നാല്‍ എ കെ ശശീന്ദ്രന് മന്ത്രിസഭയില്‍ നിന്ന് പുറത്തേക്ക് പോകേണ്ടിവരുമെന്നാണ് സി പിഎം വൃത്തങ്ങൾ നൽകുന്ന സൂചന. പാര്‍ട്ടി തര്‍ക്കമെന്ന് ശശീന്ദ്രന്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചെങ്കിലും തുടർന്നുളള നിയമനടപടികളിൽ ഉറ്റുനോക്കുകയാണ് സി പി എം.

ആദ്യ ഫോൺവിളിയിൽ അന്വേഷണം എങ്ങുമെത്തിയില്ല

ആദ്യ പിണറായി മന്ത്രിസഭയിൽ വിവാദമായ ശശീന്ദ്രന്‍റെ ഫോൺവിളി വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇതുവരെ എങ്ങുമെത്തിയില്ല. അന്ന് രാഷ്‌ട്രീയ ഒച്ചപ്പാടുണ്ടാക്കിയ വിഷയത്തിൽ സംഭവം നടന്ന് നാല് വർഷം കഴിഞ്ഞിട്ടും ഫോൺവിളിയുടെ ഫോറൻസിക് റിപ്പോർട്ട് കിട്ടിയില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഫോറൻസിക് പരിശോധനയിൽ ശശീന്ദ്രന്‍റേതാണ് ശബ്‌ദമെന്ന് തിരിച്ചറിഞ്ഞാൽ അത് വീണ്ടും മന്ത്രിക്ക് തന്നെ തലവേദനയാകുമെന്നതുകൊണ്ടാണ് അന്വേഷണം നിലച്ചതെന്നാണ് എൻ സി പിയിലെ ശശീന്ദ്രൻ വിരുദ്ധപക്ഷത്തെ നേതാക്കൾ തന്നെ പറയുന്നത്.

ഫോറൻസിക് പരിശോധനാ ഫലം കിട്ടാത്തതിനാൽ ജുഡീഷ്യൽ അന്വേഷണം നടത്തിയ ആന്‍റണി കമ്മിഷൻ മന്ത്രിക്ക് ക്ലീൻ ചിറ്റാണ് നൽകിയത്. ശശീന്ദ്രനെ കുരുക്കാൻ ഫോണ്‍ വിളിച്ച മാദ്ധ്യമപ്രവർത്തക, ആ സംഭാഷണം എഡിറ്റ് ചെയ്‌ത് പ്രചരിപ്പിച്ചുവെന്നായിരുന്നു ക്രൈബ്രാഞ്ച് കേസ്. ശബ്‌ദം തന്‍റേതല്ലെന്നായിരുന്നു ശശീന്ദ്രന്‍റെ വാദം.