suicide-

കുന്നംകുളം: തൂങ്ങിമരിച്ച മകന്റെ മൃതദേഹം താഴെയിറക്കാനായി മരത്തിൽ കയറിയ പിതാവ് ഉടുമുണ്ടിൽ തൂങ്ങി മരിച്ചു. കുന്നംകുളം, ഇയ്യാൽ ആദൂർ റോഡിൽ ജാഫർ ക്ലബിന് സമീപം ദാമോധരൻ (53, കിഴക്കൂട്ട് രാമു), മകൻ ശരത് (27) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വൈകിയും ശരത് വീട്ടിലെത്തിയിരുന്നില്ല.

തുടർന്ന് അനുജൻ സജിത്ത് നടത്തിയ അന്വേഷണത്തിൽ ഇന്നലെ പുലർച്ചെ ഒന്നരയോടെ വീടിന് സമീപത്തെ വയലിനോട് ചേർന്നുള്ള മരത്തിൽ ശരത്തിനെതൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉടൻ വീട്ടിൽ ഓടിയെത്തി അച്ഛനെ വിവരമറിയിച്ചു. തുടർന്ന് ഇരുവരും ചേർന്ന് ശരത്തിനെ താഴെയിറക്കാൻ ശ്രമിച്ചു. ഇതിനിടയിലാണ് ഉടുമുണ്ട് മരത്തിൽ കെട്ടി കഴുത്തിൽ കുരുക്കിട്ട ശേഷം ദാമോദരൻ ആത്മഹത്യചെയ്തത്.

ഒന്നും ചെയ്യാനാവാതെ രണ്ട് മരണം കണ്ട നടുക്കത്തിലായിരുന്നു സജിത്ത്. സ്ഥലത്തെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇന്നലെ രാവിലെയോടെ മൃതദേഹങ്ങൾ താഴെയിറക്കി പോസ്റ്റുമോർട്ടത്തിനായി മാറ്റി. ദാമോധരൻ കൂലിപ്പണിക്കാരനാണ്. ടിപ്പർ ഡ്രൈവറായിരുന്ന ശരത് കൊവിഡിൽ തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. അമ്മ: സജിനി.