അരൂർ: ഒരു മാസം മുൻപ് കാൽനട യാത്രികനെ ഇടിച്ചിട്ടശേഷം കടന്നു കളഞ്ഞ കാർ ഓടിച്ചിരുന്ന യുവാവിനെ അരൂർ പൊലീസ് പിടികൂടി. കണ്ണൂർ ശ്രീസ്തുതിയിൽ ശ്രീജോയിയെയാണ് (25) സൈബർ ഫോറൻസിക് വിഭാഗത്തിന്റെ സഹായത്തോടെ പിടികൂടിയത്. കഴിഞ്ഞ മാസം 22 ന് രാത്രി പത്തോടെ ദേശീയ പാതയിൽ അരൂർ പള്ളിക്ക് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെ അരൂരിൽ കാർ നിർത്തിയ ശേഷം കുടിവെള്ളം വാങ്ങാൻ റോഡ് മറികടക്കുകയായിരുന്ന തിരുവനന്തപുരം സ്വദേശി പ്യാരിലാലിനെ (56) ഇടിച്ച ശേഷം ശ്രീജോയ് ഓടിച്ചിരുന്ന കാർ നിർത്താതെ പോകുകയായിരുന്നു.
അപകടത്തിൻ പ്യാരിലാൽ മരിച്ചു. കാർ കണ്ടെത്താൻ പൊലീസ് 1000 ഫോൺ വിവരങ്ങളും 62 സിസി കാമറകളും പരിശോധിച്ചിരുന്നു. മിക്ക കാമറകളിലും നമ്പർ വ്യക്തമല്ലാത്തതിനാൽ പൊലീസിന് കൂടുതൽ വിവരം ലഭ്യമായിരുന്നില്ല. പൊലീസ് തിരിച്ചറിയാതിരിക്കാൻ കാറിന്റെ നിറം വരെ മാറ്റിയിരുന്നു. കടവന്ത്ര യിലെ ഒരു കാമറയിൽ പതിഞ്ഞ കാറിന്റെ ചിത്രം സൈബർ ഫോറൻസിക്കിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് അപകട മരണത്തിനിടയാക്കിയ കാർ തിരിച്ചറിഞ്ഞത്.
ശാസ്ത്രീയ പരിശോധനയിൽ കാറിനെപ്പറ്റിയുള്ള കൂടുതൽ വിവരം ലഭ്യമായി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ശ്രിജോയ് പിടിയിലായത്. മിലിട്ടറി കാന്റീൻ സപ്ലൈയറാണ് ഇയാൾ. സി.ഐ.പി. സുബ്രഹ്മണ്യൻ, സി.പി.ഒ.മാരായ ബിനു മോൻ, രതീഷ് എന്നിവർ ചേർന്നാണ് ഒരു തുമ്പും ഇല്ലാതിരുന്ന സംഭവത്തിൽ അന്വേഷണം നടത്തിയത്. അപകടം നടന്ന് ഒരു മാസത്തിനു ശേഷമാണ് കാർ കുടുങ്ങിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.