drone

ശ്രീനഗർ: ജമ്മു വിമാനത്താവളത്തിലെ ഡ്രോൺ ആക്രമണം കഴിഞ്ഞ് ഒരു മാസം തികയുന്നതിന് മുമ്പ് വിമാനത്താവളത്തിന് സമീപം വീണ്ടും ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ 4.05നാണ് സുരക്ഷാ സൈനികർ സത്വാരിയിൽ ഡ്രോൺ കണ്ടെത്തിയത്. കഴിഞ്ഞ മാസം സ്ഫോടനം നടന്ന ജമ്മു വിമാനത്താവളത്തിന് വെറും 100 മീറ്റർ അകലെയായാണ് ഇത്തവണയും ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ ജമ്മു കാശ്മീർ പൊലീസും മറ്റ് സുരക്ഷാ സേനകളും അന്വേഷണം ആരംഭിച്ചു.

Jammu & Kashmir | Suspected drone spotted in Satwari area of Jammu. Details awaited.

— ANI (@ANI) July 21, 2021

ജമ്മു വിമാത്താവളത്തിലെ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ജമ്മു കാശ്മീരിൽ ജാഗ്രത നിർദ്ദേശമുണ്ട്. മൂന്ന് ജില്ലകളിൽ ഡ്രോൺ ഉപയോഗിക്കുന്നത് വിലക്കിയിരിക്കുകയാണ്. ഡ്രോണുകൾ വിൽക്കുന്നതിനും വാങ്ങുന്നതിനും വിലക്കുണ്ട്.

കഴിഞ്ഞ മാസം 27നാണ് ‌ഡ്രോൺ ഉപയോഗിച്ച് ഇന്ത്യൻ വ്യോമസേനയുടെ സത്വാരിയിലെ സ്റ്റേഷനിൽ തീവ്രവാദികൾ സ്ഫോടനം നടത്തിയത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം ജൂൺ 29 ന് സുരക്ഷാ ഭീഷണികൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു.