കാബൂൾ : അമേരിക്കൻ സൈന്യം പിന്മാറ്റം ആരംഭിച്ചതു മുതൽ ശക്തിയാജ്ജിച്ച താലിബാൻ ഭീകരവാദികൾ അഫ്ഗാന്റെ 85 ശതമാനവും തങ്ങളുടെ നിയന്ത്രണത്തിലായതായി അവകാശവാദമുന്നയിച്ചു. ബാക്കിയുള്ള 15 ശതമാനവും ഉടൻ തങ്ങളുടെ നിയന്ത്രണത്തിലാവും. അതേ സമയം പാകിസ്ഥാൻ രഹസ്യ ഏജൻസിയുടെ സഹായം തങ്ങൾക്ക് ആവശ്യമില്ലെന്നും താലിബാൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകൻ ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് താലിബാനെ ഉദ്ധരിച്ചുകൊണ്ട് തീവ്ര ഇസ്ലാമിക ഗ്രൂപ്പിന്റെ വക്താവ് ദേശീയ മാദ്ധ്യമത്തിനോട് വെളിപ്പെടുത്തി. ഇനി ഭരണത്തിലെത്തിയാൽ സ്ത്രീകൾക്ക് ആവശ്യമായ അവകാശങ്ങൾ ഉറപ്പാക്കുമെന്നും സ്ത്രീകൾ താലിബാൻ ഭരണത്തെ ഭയപ്പെടുന്നു എന്നത് ശരിയല്ലെന്നും താലിബാൻ വക്താവ് അഭിപ്രായപ്പെടുന്നു. താലിബാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്ററുകൾക്ക് പിന്നിൽ ശത്രുക്കളാണ്, ഒരു പോസ്റ്ററും അഫ്ഗാനിസ്ഥാനിൽ തങ്ങൾ പതിച്ചിട്ടില്ല.
അഫ്ഗാനിസ്ഥാനിൽ ഇന്ത്യയുടെ നിർമ്മാണ പ്രവർത്തികൾ നശിപ്പിക്കുന്ന നയമല്ല തങ്ങളുടേതെന്നും, ഞങ്ങളെ അപകീർത്തിപ്പെടുത്തുന്നത് ശത്രുക്കളുടെ മറ്റൊരു തന്ത്രം മാത്രമാണതെന്നും താലിബാൻ വെളിപ്പെടുത്തുന്നു. ക്യാമ്പുകളും പോസ്റ്റുകളും പോലുള്ള ശത്രുക്കളുടെ അടിസ്ഥാന സൗകര്യങ്ങൾ മാത്രമാണ് താലിബാൻ ലക്ഷ്യമിടുന്നത്. സ്‌കൂളുകളെയും ആശുപത്രികളെയും നശിപ്പിക്കുവാൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ നയം വ്യക്തമാക്കുന്നു.