മലയാളികളായ ഒൻപതുപേരാണ് ടോക്യോ ഒളിമ്പിക്സിൽ മത്സരിക്കുന്നത്. തന്റെ മൂന്നാം ഒളിമ്പിക്സിൽ ഇന്ത്യൻ ഗോൾ വലകാക്കാനിറങ്ങുന്ന പി.ആർ ശ്രീജേഷാണ് കൂട്ടത്തിൽ സീനിയർ. ചരിത്രത്തിലാദ്യമായി എ ക്വാളിഫിക്കേഷൻ നേടിയ സജൻ പ്രകാശ് അഭിമാനത്തോടെ ടോക്കിയോയിൽ നീന്താനിറങ്ങും. അത്‌ലറ്റിക്സിൽ നിന്നാണ് മറ്റ് ഏഴുപേരും. മലപ്പുറത്തുകാരായ എം.പി ജാബിർ ഹർഡിൽസിലും കെ.ടി ഇർഫാൻ നടത്തത്തിലും ഇറങ്ങും. പാലക്കാട്ടുകാരൻ എം.ശ്രീശങ്കർ ലോംഗ്ജമ്പിലും മാറ്റുരയ്ക്കും. കൊല്ലം നിലമേൽ സ്വദേശി മുഹമ്മദ് അനസ്,തിരുവനന്തപുരം പുല്ലുവിള സ്വദേശി അലക്സ് ആന്റണി,ഡൽഹി മലയാളിയായ അമോജ് ജേക്കബ്,കോഴിക്കോട്ടുകാരൻ നോഹ് നിർമൽ ടോം എന്നിവർ 4-400 മീറ്റർ പുരുഷ, മിക്സഡ് റിലേകളിൽ മത്സരിക്കാനിറങ്ങും.മലയാളി വനിതകൾ ആരും ഇക്കുറി ഇന്ത്യൻ ഒളിമ്പിക്സ് സംഘത്തിലില്ല എന്നതാണ് സങ്കടം.40 കൊല്ലത്തിന് ശേഷമാണ് മലയാളി വനിതകൾ ഇല്ലാതെ ഇന്ത്യ ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്.