nidhi-sawanth

ന്യൂഡൽഹി : കാലമേറെ പോയാലും ഐ എ എസ് എന്ന മൂന്നക്ഷരത്തിന് കിട്ടുന്ന പവർ ഒന്നു വേറെയാണ്. അത് സ്വന്തമാക്കുന്നതിനായി പതിനായിരങ്ങളാണ് നിരന്തരം പരിശ്രമിച്ച് കൊണ്ടിരിക്കുന്നത്. അവർക്ക് മാതൃകയാണ് ഹരിയാന സ്വദേശിയായ നിധി സിവാച്ച് എന്ന പെൺകുട്ടി. മൂന്നാം തവണയാണ് നിധി തന്റെ സ്വപ്നം സാക്ഷാത്കരിച്ചത്. അതിനായി ആറു മാസത്തോളം അടച്ചിട്ട മുറിയിൽ കഠിനമായി അദ്ധ്വാനിക്കുകയായിരുന്നു നിധി.

അഖിലേന്ത്യാ തലത്തിൽ 83 മത്തെ റാങ്ക് വാങ്ങിയാണ് നിധി സിവിൽ സർവീസ് ക്ലിയർ ചെയ്തത്. ഉയർന്ന റാങ്കായതിനാൽ തന്നെ ഐ എ എസ് സ്വന്തമാക്കുകയും ചെയ്തു. ചരിത്രമാണ് നിധി തന്റെ വിഷയമായി തിരഞ്ഞെടുത്തത്. ഇംഗ്ലീഷ് ഓപ്ഷണൽ മാദ്ധ്യമമായി തിരഞ്ഞെടുക്കുകയും ചെയ്തു.

ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയാണ് നിധി സിവാച്ച്. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ യഥാക്രമം 95%, 90% മാർക്ക് നേടി. ഇതിനു ശേഷം ഹരിയാനയിലെ സോണിപട്ടിലെ ദീൻബന്ധു ചോതുരം സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം സ്വന്തമാക്കി. ശേഷം ഹൈദരാബാദിൽ ടെക് മഹീന്ദ്രയിൽ ഡിസൈൻ എഞ്ചിനീയറായി ജോലിയിൽ പ്രവേശിച്ചുവെങ്കിൽ സിവിൽ സർവീസ് മോഹത്താൽ ജോലി ഉപേക്ഷിക്കുകയായിരുന്നു. 2017 ൽ ജോലി ഉപേക്ഷിച്ചാണ് പഠനം ആരംഭിച്ചത്. ഒൻപതാമത്തെയും പത്താമത്തെയും ക്ലാസ് സിലബസാണ് തന്റെ
സിവിൽ സർവീസ് പഠനത്തിൽ ഏറെ സഹായിച്ചതെന്ന് നിധി എടുത്തു പറയുന്നു.