ടോക്കിയോ: 2032ലെ ഒളിമ്പിക്സ് മത്സരങ്ങൾക്കുള്ള വേദിയായി ആസ്ട്രേലിയയിലെ ബ്രിസ്ബേനിനെ തിരഞ്ഞെടുത്തു. 2000ൽ സിഡ്നി ഒളിമ്പിക്സിന് ശേഷം ആദ്യമായിട്ടാണ് ഒരു ആസ്ട്രേലിയൻ നഗരം ഒളിമ്പിക്സിന് വേദിയാകുന്നത്. എതിരാളികളില്ലാതെയാണ് ബ്രിസ്ബേൻ ഒളിമ്പിക് വേദിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഏകദേശം ഒൻപത് മാസങ്ങൾക്കു മുമ്പ് തന്നെ ബ്രിസ്ബേൻ ഒളിമ്പിക്സ് മത്സരങ്ങൾക്ക് വേദിയാകുമെന്ന് ഉറപ്പായിരുന്നു. 2024ൽ പാരിസും 2028ൽ ലോസ് ഏഞ്ചൽസും ഒളിമ്പിക്സ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചതിനു ശേഷമായിരിക്കും ബ്രിസ്ബേനിന്റെ ഊഴം എത്തുക.
BRISBANE 2032 ELECTED AS HOST OF THE GAMES OF THE XXXV OLYMPIAD!
— IOC MEDIA (@iocmedia) July 21, 2021
CONGRATULATIONS! pic.twitter.com/h66C9pHxcG
കാമ്പയിൻ നടത്തി ആതിഥേയ രാജ്യങ്ങളെ തിരഞ്ഞെടുക്കുന്ന പതിവ് രീതി വിട്ട് പുതിയ മാർഗത്തിലൂടെയാണ് ഐ ഒ സി ഇത്തവണ ബ്രിസ്ബേനിനെ തിരഞ്ഞെടുത്തത്. ഒളിമ്പിക്സ് പോലുള്ള വൻ കായികമേളകൾ നടത്താൻ സാധിക്കുന്ന നഗരങ്ങളെ മുൻകൂട്ടി തിരഞ്ഞെടുത്ത് അവരുടെ പ്രതിനിധികളെ നേരിൽ ചെന്ന് കണ്ട് അവരോട് സംസാരിച്ചായിരിക്കും ഇനി മുതൽ ഐ ഒ സി ഒളിമ്പിക്സ് വേദി തീരുമാനിക്കുക. ഇതു വഴി ഐ ഒ സി വളരെകാലമായി നേരിടുന്ന വോട്ട്കച്ചവടം എന്ന ആരോപണവും പ്രചരണ പരിപാടികൾക്ക് ഉണ്ടാകുന്ന വൻ സാമ്പത്തിക ബാദ്ധ്യതയും ഒഴിവാക്കുക എന്ന ലക്ഷ്യവും ഉണ്ട്. ഇത്തരത്തിൽ തിരഞ്ഞെടുക്കുന്ന ആദ്യ ഒളിമ്പിക് വേദി കൂടിയാണ് ബ്രിസ്ബേൻ.