പുലാസ മീനുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്ത്യയിലെ തന്നെ ഏറ്റവും വില കൂടിയ മത്സ്യമായാണ് ഇതിനെ കണക്കാക്കുന്നത്. ഗോദാവരി നദിയിൽ നിന്നു പിടിക്കുന്ന ഈ മീൻ രുചിയുടെ കാര്യത്തിലും അതികേമൻ തന്നെയാണ്.താലി വിറ്റും പുലാസ കഴിക്കണം എന്ന ഒരു ചൊല്ലു തന്നെ ആന്ധ്രാപ്രദേശിൽ ഉണ്ടത്രേ.
5000 മുതൽ 17,000 രൂപ വരെയാണ് ഒരു കിലോ മത്സ്യത്തിന്റെ വില. മൺസൂൺ കാലത്ത് കുടുംബാംഗങ്ങളെല്ലാം ചേർന്ന് പുലാസ മീൻകറി ഉണ്ടാക്കുന്നത് ഗോദാവരിയിലെ സ്ഥിരം കാഴ്ചയാണ്. പ്രതിദിനം 50 കിലോയോളം മീനാണ് മാർക്കറ്റിലെത്തുന്നത്.
തെലങ്കാനയിലും മഹാരാഷ്ട്രയിലുമൊക്കെ ഈ മീനിന് ആവശ്യക്കാരേറെയാണ്. ജൂലായ്- സെപ്തംബർ കലയളവിലാണ് ഈ മീൻ ലഭിക്കുക. തങ്ങളുടെ കാര്യം സാധിക്കാൻ വേണ്ടി കൈക്കൂലിയായിട്ടുപോലും ചിലർ ഈ മീൻ രാഷ്ട്രീയക്കാർക്കും മറ്റും നൽകാറുണ്ട്.