oxigen-plant

തിരുവനന്തപുരം: കൊവിഡ് ചികിത്സാ ആശുപത്രിയായ ജനറൽ ആശുപത്രിയിലെ ഓക്‌സിജൻ ക്ഷാമത്തിന് പരിഹാരമായി പ്ളാന്റ് സ്ഥാപിച്ചു. ഒരു ലിക്വിഡ് ഓക്‌സിജൻ പ്ലാന്റും രണ്ട് ഓക്‌സിജൻ ജനറേറ്ററുമാണ് സ്ഥാപിക്കുന്നത്. നിലവിൽ ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റ് ഇല്ല. കൊവിഡ് ചികിത്സ നൽകുന്ന ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റും ജനറേറ്ററും കൂടി സ്ഥാപിക്കുന്നതോടെ തടസമില്ലാത്ത ഓക്‌സിജൻ ലഭ്യത ഉറപ്പാകും.

6000 കിലോലിറ്റർ ശേഷിയുള്ള ദ്രവീകൃത ഓക്‌സിജൻ പ്ലാന്റാണ് ജില്ലാ നിർമ്മിതി കേന്ദ്രം സ്ഥാപിച്ചത്. ഓക്‌സിജൻ പൈപ്പ് ലൈനുകളുടെ നിർമാണപ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. ഇതും കൂടി പൂർത്തിയായാൽ ഐ.സി.യു.വിലേക്കും വാർഡുകളിലേക്കും തടസമില്ലാതെ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്താനാകും. കെ.എം.സി.എൽ വഴി സ്‌പോൺസർഷിപ്പിലൂടെയാണ് പ്ലാന്റ് സ്ഥാപിച്ചത്. ഒന്നരമാസംകൊണ്ടാണ് നിർമാണം പൂർത്തിയായത്. പ്രതിദിനം ആറ് കിലോ ലിറ്റർ ഓക്‌സിജൻ ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് പ്ലാന്റ്. ഐ.സി.യു.വിൽ രണ്ടരദിവസം ഉപയോഗിക്കാനുള്ള ഓക്‌‌സിജനുണ്ടാവും ഇതിൽ. പ്രധാനമന്ത്രിയുടെ കെയർ പദ്ധതി വഴിയാണ് ഒരു ഓക്‌സിജൻ ജനറേറ്റർ ആശുപത്രിയിൽ സ്ഥാപിക്കുന്നത്. പ്രതിദിനം 500 ലിറ്റർ ഓക്‌സിജൻ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ജനറേറ്റർ.

ഒരു കോടി രൂപ ചെലവിൽ ഇൻഫോസിസാണ് രണ്ടാമത്തെ ഓക്‌സിജൻ ജനറേറ്റർ സ്ഥാപിക്കുന്നത്. ഇതിന് പ്രതിദിനം 1000 ലിറ്റർ ഓക്‌സിജൻ ഉത്പാദിപ്പിക്കാൻ കഴിയും. അന്തരീക്ഷത്തിലെ വായുവിൽ നിന്ന് ഓക്‌സിജനെ മാത്രമായി വേർതിരിക്കാൻ കഴിയുന്ന ഉപകരണമാണ് ഓക്‌സിജൻ ജനറേറ്റർ. പ്ലാന്റും ജനറേറ്ററും പ്രവർത്തിക്കുന്നതിന് ആവശ്യമായ വൈദ്യുതി നൽകുന്നതിനുള്ള പ്രവർത്തനങ്ങളുടെ ചുമതല പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗത്തിനാണ്.

മെഡിക്കൽ കോളേജിൽ

കൂടുതൽ സൗകര്യങ്ങൾ

മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ രോഗികൾക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാനും തീരുമാനിച്ചു. ലോക്ക് ഡൗൺ കഴിയുമ്പോൾ കൂടുതൽ രോഗികൾ ആശുപത്രിയിലെത്തുന്നത് കണക്കിലെടുത്താണിത്. മിക്കപ്പോഴും അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ ആശുപത്രിയിൽ അഡ‌്മിറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. അവർക്കുള്ള രക്തപരിശോധനയും സ്‌കാനിംഗും ഉൾപ്പടെയുള്ളവ നടത്തേണ്ടി വരും. ഇവരെ കൊണ്ടുപോകുന്നതിന് വീൽചെയറുകളും ട്രോളികളും സജ്ജീകരിച്ച ശേഷം ഒരു രജിസ്‌റ്റർ സൂക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. പലപ്പോഴും വാർഡുകളിലേക്ക് കൊണ്ടുപോകുന്ന ട്രോളികളും വീൽചെയറുകളും തിരികെ കൊണ്ടുവരാറില്ല. ഇനിമുതൽ അത് അനുവദിക്കില്ല. കൊണ്ടുപോകുന്ന ട്രോളികൾ രജിസ്‌റ്ററിൽ രേഖപ്പെടുത്തിയ ശേഷം തിരികെ കൊണ്ടുവരുന്നു എന്ന് ഉറപ്പാക്കും. രോഗികളെ വാർഡിലെത്തിക്കുന്നതിനും പരിശോധനകൾക്കുമായി കൊണ്ടുപോകുന്നതിനായി എട്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പടെ 10 ജീവനക്കാരെ പേഷ്യന്റ് ഹെൽപ്പേഴ്സ് എന്ന നിലയിൽ അത്യാഹിത വിഭാഗത്തിൽ കൂടുതലായി നിയോഗിച്ചു. 10 ട്രോളികളും 10 വീൽ ചെയറുകളും കൂടി അത്യാഹിത വിഭാഗത്തിലേക്ക് വാങ്ങാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.