vgg

ടെൽ അവീവ് : ഇസ്രയേൽ നിർമ്മിത ചാര സോഫ്റ്റ്‌വെയറായ പെഗാസസിനെ ചുറ്റിപ്പറ്റി വിവാദങ്ങൾ പുകയുമ്പോൾ വിശദീകരണവുമായി പെഗാസസിന്റെ നിർമ്മാതാക്കളായ ഇസ്രയേലി കമ്പനിയായ എൻ.എസ്.ഒ രംഗത്ത്. സോഫ്റ്റ്‌വെയർ ദുരുപയോഗമുണ്ടായി എന്നതിന് മതിയായ തെളിവുകൾ നല്കിയാൽ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും കുറ്റം തെളിയിക്കപ്പെട്ട ഇടങ്ങളിൽ സോഫ്റ്റ്‌വെയറിന്റെ പ്രവർത്തനം നിറുത്തലാക്കുമെന്നും കമ്പനി അധികൃതർ വിശദീകരിച്ചു. സംഭവം പുറത്തുവന്നത് മുതൽ ആരോപണങ്ങളെല്ലാം നിഷേധിക്കുന്ന നിലപാടാണ് എൻ.എസ്.ഒ സ്വീകരിച്ച് വന്നിരുന്നത്. എന്നാൽ തങ്ങളുടെ വാദം ശെരിവയ്ക്കാൻ ഫോറൻസിക് പരിശോധന അടക്കമുള്ള സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ചില ഫോണുകളിൽ പെഗാസിസിന്റെ സാന്നിദ്ധ്യം തെളിയിച്ചതോടെയാണ് കമ്പനി നിലപാട് മാറ്റിയത്.

വിവിധ ലോകരാജ്യങ്ങളുടെ സർക്കാരുകൾ മാത്രമാണ് തങ്ങളുടെ ഉപയോക്താക്കളെന്നും കുറ്റകൃത്യവും ഭീകരവാദവും തടയാനും ,​ ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താനും മാത്രമേ ഉപയോഗിക്കാവൂയെന്ന നിബന്ധനക്ക് വിധേയമായാണ് ഇവ നല്കുന്നതെന്നുമാണ് എൻ.എസ്.ഒ യുടെ അവകാശവാദം. എന്നാൽ, പുറത്തു വന്ന ഫോൺ ചോർത്തൽ വാർത്തകളിലെല്ലാം പെഗസസ് ഉപയോഗിച്ചത് എതിരാളികളുടേയും പ്രമുഖ മാദ്ധ്യമപ്രവർത്തകരുടേയും നീക്കങ്ങൾ ചോർത്താനാണെന്നത് എൻ.എസ്.ഒ യെ പ്രതിക്കൂട്ടിലാക്കി.

അതേ സമയം ആ​രോ​പ​ണ​വി​ധേ​യ​രാ​യ എ​ൻ.​എ​സ്.​ഒ ​യു​മാ​യു​ള്ള സാ​​ങ്കേ​തി​ക സ​ഹ​ക​ര​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ച​താ​യി ബ​ഹു​രാ​ഷ്​​ട്ര ക​മ്പ​നി​യാ​യ ആ​മ​സോ​ൺ പ്ര​ഖ്യാ​പി​ച്ചു. സു​ര​ക്ഷി​ത​മെ​ന്ന്​ ക​രു​തി​പ്പോ​ന്ന ഐ ​ഫോ​ണു​ക​ളിലെ വിവരങ്ങൾ വ​രെ ചോ​ർ​ത്ത​പ്പെട്ടുവെന്ന വാർത്തകളെ തുടർന്ന് ​ആ​ഗോ​ള​വി​പ​ണി​യി​ൽ ആ​പ്പി​ളി‍ന്റെ ഓ​ഹ​രി മൂ​ല്യം ഇ​ടി​ഞ്ഞു.

വട്ടം ചുറ്റിച്ച് പെഗാസസ്

ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ചുള്ള ഫോൺ ചോർത്തലിനെ സംബന്ധിച്ചുള്ള കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ ഓരോ ദിവസവും പുറത്തു വരുമ്പോൾ ഇരകളാകുന്നവരുടേയും പ്രതിക്കൂട്ടിലാകുന്നവരുടേയും എണ്ണം കൂടുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, ഇറാഖ് പ്രസിഡന്റ് ബർഹം സലാഹ് എന്നിവരുൾപ്പെടെയുള്ള രാജ്യത്തലവന്മാരുടെ പോലും ഫോണുകൾ ചോർത്തപ്പെടുന്നത് ഗുരുതരമായ പ്രതിസന്ധിയ്ക്ക് വഴി വയ്ക്കും. ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും അവർ സ്വയം പ്രതിരോധിക്കാൻ പാടുപെടും. കൂടാതെ ഇത്തരം സംഭവങ്ങൾ രാജ്യങ്ങൾ തമ്മിലുള്ള വിശ്വാസത്തേയും നയതന്ത്ര ബന്ധങ്ങളേയും സാരമായി ബാധിക്കുമെന്നുറപ്പാണ്. പെഗാസസ് വഴി ലോക നേതാക്കളുടെ വിവരങ്ങൾ ചോർത്തിയതിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ സംശയ നിഴലിലാണ്. വെറും അസത്യ പ്രചാരണം എന്ന് പഴി ചാരി രക്ഷപ്പെടാൻ കഴിയാത്ത വിധം ശക്തമായ തെളിവുകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ഫ്രാൻസിലെ ദിനപ്പത്രമായ ലെ മോണ്ടെയുടെ നേതൃത്വത്തിൽ 13 മാദ്ധ്യമസ്ഥാപനങ്ങൾ ചേർന്ന് നടത്തുന്ന പഴുതടച്ച അന്വേഷണത്തിൽ കൂടുതൽ മാദ്ധ്യമങ്ങൾ പങ്കാളികളാകുന്നതോടെ ലോകരാജ്യങ്ങളെ പിടിച്ചു കുലുക്കുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുമെന്നുറപ്പ്. 34 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, സൈനിക മേധാവിമാർ, മുതിർന്ന രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ പെഗാസസ് നിരീക്ഷണ പട്ടികയിലുണ്ടെന്നാണ് വിവരം. ഇന്ത്യ ഉൾപ്പെടെയുള്ള പ്രമുഖ രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കളുടേയും മാദ്ധ്യമ പ്രവർത്തകരുടേയും വിവരങ്ങൾ ചോർത്തപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ 50,000 ഫോൺ നമ്പറുകൾ ചോർത്തൽ പട്ടികയിലുണ്ടെന്നാണ് വിവരം. ഇന്ത്യയുള്‍പ്പെടെ 10 രാജ്യങ്ങള്‍ ഈ സോഫ്റ്റ്‌വെയർ വാങ്ങിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇമ്രാൻ ഖാന്റെ ഫോൺ ചോർത്തലിന് പിന്നിൽ ഇന്ത്യയോ ?

പെഗാസസ് ഫോൺ ചോർത്തലിനിരയായ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിവരങ്ങൾ 2019 മുതൽ ചോർത്തുന്നത് ഇന്ത്യയുടെ താത്പര്യ പ്രകാരമാണെന്ന് സൂചിപ്പിച്ച് വിദേശ മാദ്ധ്യമങ്ങൾ രംഗത്തെത്തി. ഇന്ത്യയാണ് ഇമ്രാനെ ഇതിനായി തിരഞ്ഞെടുത്തത് എന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയും ഇരു രാജ്യങ്ങളും ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല. അതേസമയം പാക് പ്രധാനമന്ത്രിയോടൊപ്പം പാക് സൈനിക മേധാവികളുടെ ഫോണുകളും ചോർത്തപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ സംഭവത്തിൽ കൂടുതൽ തെളിവുകൾ ലഭിച്ചതിന് ശേഷം വിഷയം ഉന്നയിക്കുമെന്ന് പാകിസ്ഥാൻ വൃത്തങ്ങൾ പ്രതികരിച്ചിട്ടുണ്ട്.