ന്യൂഡൽഹി : പതിമൂന്നോളം രാഷ്ട്ര തലവൻമാരുടേയും സർക്കാർ തലവന്മാരുടെയും മൊബൈൽ ഫോൺ നമ്പറുകൾ പെഗാസസ് പദ്ധതിയിൽ ഉൾപ്പെടുന്നുവെന്ന് ദി ഗാർഡിയൻ വെളിപ്പെടുത്തിയതിന് പിന്നാലെ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ നിരവധി റിപ്പോർട്ടുകളാണ് നൽകുന്നത്. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ വിവരങ്ങൾ ചോർത്തുന്നത് 2019 മുതൽ ഇന്ത്യയുടെ താത്പര്യ പ്രകാരമാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇന്ത്യയാണ് ഇമ്രാനെ ഇതിനായി തിരഞ്ഞെടുത്തത് എന്നാണ് ഗാർഡിയൻ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയും ഇരു രാജ്യങ്ങളും ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ, പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ എന്നിവരും 34 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരും സൈനിക മേധാവികളും മുതിർന്ന രാഷ്ട്രീയക്കാരും ഈ പദ്ധതിയിൽ നിരീക്ഷിക്കപ്പെട്ടു എന്നാണ് വിവരം. അതേസമയം ഇമ്രാൻ ഖാനെ നിരീക്ഷിക്കുന്നതിനുള്ള അനുമതി വളരെ നേരത്തേ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് നൽകിയിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. രാഷ്ട്രീയ എതിരാളികളുടെ സ്വകാര്യ വിവരങ്ങൾ രഹസ്യമായി സ്വന്തമാക്കുന്നതിനായിരുന്നു ഇത്. നവാസ് ഷെരീഫ് ഇതിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടിയെന്നും പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയായി അധികാരമേറ്റ നാളുകളിൽ പാകിസ്ഥാനുമായുള്ള ബന്ധം ഊഷ്മളമായിരുന്നു. പ്രത്യേകിച്ച് നവാസ് ഷെരീഫുമായി. ഇതാണ് ഇത്തരമൊരു കഥ മെനയാൻ പാക് മാദ്ധ്യമങ്ങളെ പ്രേരിപ്പിക്കുന്നത്. അതേസമയം പാക് സൈനിക മേധാവികളുടെ ഫോണുകളും ചോർത്തപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
പാക് പ്രധാനമന്ത്രിക്ക് പുറമേ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ആഫിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ എന്നിവരടക്കം 14 ലോക നേതാക്കളുടെ ഫോൺ നമ്പറുകളും പെഗാസസ് ഉപയോഗിച്ചുള്ള ഫോൺ ചോർത്തൽ പട്ടികയിലുണ്ടെന്ന് റിപ്പോർട്ട്. ഇമ്മാനുവൽ മാക്രോണിനെ നിരീക്ഷിച്ചത് മൊറോക്കോയാണെന്നാണ് വെളിപ്പെടുത്തൽ. ഫ്രാൻസ് ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.