ss
ss

 ബഹിരാകാശ റെക്കോഡിന്റെ ഓർമ്മയ്‌ക്ക് വമ്പൻ പുരസ്കാരം

ന്യൂയാർക്ക്:ബഹിരാകാശത്തിന്റെ ശരിയായ അതിർത്തിയായ കാർമൻ രേഖ കടക്കുന്ന ആദ്യ ടൂറിസ്റ്റ് കോടീശ്വരൻ എന്ന റെക്കോർഡിട്ട ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് സമൂഹത്തിലെ കരുത്തിന്റെ പ്രതീകങ്ങളായ വ്യക്തിത്വങ്ങൾക്ക് പത്ത് കോടി ഡോളറിന്റെ ( 740 കോടി രൂപ )​ 'കറേജ് ആൻഡ് സിവിലിറ്റി' അവാർഡ് പ്രഖ്യാപിച്ചു.

അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകൻ വാൻ ജോൺസും സ്പെയിനിലെ സെലിബ്രിറ്റി ഷെഫ് ജോസ് ആന്ദ്രെസുമാണ് ആദ്യ പുരസ്‌കാര ജേതാക്കൾ. ഇരുവർക്കും പത്ത് കോടി ഡോളർ വീതം നൽകുമെന്ന് ബെസോസ് പ്രഖ്യാപിച്ചു.

ഭൂമിയിൽനിന്ന് 100 കിലോമീറ്റർ ഉയരെ, ഭൗമാന്തരീക്ഷം അവസാനിച്ച് ബഹിരാകാശം തുടങ്ങുന്ന അതിർത്തിയാണ് കാർമൻ രേഖ. ആ മേഖല കടന്ന് 106 കിലോമീറ്റർ വരെ എത്തിയ ശേഷമാണ് ബെസോസും സംഘവും ഭൂമിയിൽ തിരിച്ചെത്തിയത്. ഈ മാസം 11ന് ബഹിരാകാശ യാത്ര നടത്തിയ കോടീശ്വരനായ റിച്ചാർഡ് ബ്രാൻസൻ ഭൂമിയിൽ നിന്ന് 89 കിലോമീറ്റർ മാത്രമാണ് താണ്ടിയത്. 80 കിലോമീറ്റർ ഉയരത്തിലുള്ള ആംസ്‌ട്രോംഗ് രേഖ കടന്നുള്ള യാത്രയാണ് 'നാസ' ബഹിരാകാശ യാത്രയായി കണക്കാക്കുന്നത്.

ജോസ് ആന്ദ്രെസ് ( 52 )

പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ. 2010ൽ 'വേൾഡ് സെൻട്രൽ കിച്ചൺ' എന്ന സന്നദ്ധ സംഘടന സ്ഥാപിച്ചു. ലോകത്തെ പ്രകൃതി ദുരന്ത പ്രദേശങ്ങളിൽ സൗജന്യ ഭക്ഷണം എത്തിക്കുന്ന ഏജൻസി. കൊവിഡ് കാലത്ത് ഇന്ത്യയിലും ഭക്ഷണം വിതരണം ചെയ്‌തു.

വാൻ ജോൺസ് ( 52 )

ടി. വി അവതാരകനും എഴുത്തുകാരനും. 2009ൽ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഉപദേഷ്ടാവായിരുന്നു. മൂന്ന് തവണ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരനായി. അദ്ദേഹത്തിന്റെ ഡ്രീം കോർ എന്ന സംഘടന താഴെത്തട്ടിലുള്ളവരുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നു.