ss

തിരുവനന്തപുരം:​ കഴക്കൂട്ടം മേനംകുളത്ത് പട്ടാപ്പകൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാക്കളെ ആക്രമിച്ച് സ്വർണമാലയും മൊബൈൽ ഫോണും കവർന്ന മൂന്നംഗ സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി. മേനംകുളം കല്പന കോളനി നിവാസികളായ റാംബോ രഞ്ജിത്ത് എന്നു വിളിക്കുന്ന രഞ്ജിത്ത് (32), വിഷ്ണു (23) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. 20ന് ഉച്ചയ്ക്ക് 12നാണ് സംഭവം. ഇന്ത്യ ബുൾസ് എന്ന സ്ഥാപനത്തിലെ എക്സിക്യുട്ടീവായ ശാന്തനുവും സുഹൃത്ത് സുജിത്തും ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ രഞ്ജിത്തിന്റെ നേതൃത്വത്തിലുളള സംഘം മേനംകുളം കോൺഫിഡന്റ് ഫ്ളാറ്റിന് സമീപം ഇവരെ തടഞ്ഞുനിറുത്തി വടി കൊണ്ട് അടിക്കുകയും ശാന്തനുവിന്റെ ഒരു പവന്റെ മാലയും വിലപിടിപ്പുളള മൊബൈൽഫോണും തട്ടിയെടുത്തശേഷം കടന്നുകളയുകയുമായിരുന്നു. തുടർന്ന് ശാന്തനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ, എസ്.ഐ​മാരായ വിമൽ, വിഷ്ണു, സി.പി.ഒ​മാരായ അരുൺ എസ്. നായർ, സുജിത്ത്, കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഇനി പിടികൂടാനുള്ള പ്രതിക്കായി അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.