ss

തിരുവനന്തപുരം:​ സെൻട്രൽ ജയിലിൽ നിന്ന് പരോളിലിറങ്ങിയ പ്രതി വീട്ടമ്മയെ വീടുകയറി ആക്രമിച്ച കേസിൽ പിടിയിലായി. കരിക്കകം വിനായക നഗർ ബിന്ദു ഭവനിൽ ഉച്ചി മനു എന്ന് വിളിക്കുന്ന മനുവിനെയാണ് (38)​ പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15ന് രാത്രി 8.30​നാണ് സംഭവം. കരിക്കകം വിനായക നഗർ സ്വദേശി ശ്രീലതയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി അവരെ അസഭ്യം പറയുകയും ഇരുമ്പുകമ്പി കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇയാൾ രാത്രിയിൽ ഈ വീടിന് സമീപം അനാവശ്യമായി നിൽക്കുന്നത് ശ്രീലതയുടെ മരുമകൻ ചോദ്യം ചെയ്തതിലുളള വിരോധമാണ് ആക്രമണത്തിന് കാരണം. കൊല്ലം എഴുകോൺ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന ഇയാൾ കഴിഞ്ഞ മേയിലാണ് പരോളിലിറങ്ങിയത്. ആഗസ്റ്റ് 15​വരെ ഇയാൾക്ക് പരോൾ കാലാവധി ഉണ്ടായിരുന്നു. സംഭവത്തെ തുടർന്ന് ഇയാൾ ഒളിവിൽ കഴിയവെയാണ് പൊലീസിന്റെ പിടിയിലായത്. പേട്ട എസ്.എച്ച്.ഒ ബിനുകുമാർ, എസ്.ഐ രതീഷ്, സി.പി.ഒമാരായ അരുൺ, അരുൺകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.