biriyani

മധുര: ആഹാരപ്രിയരെ ആകർഷിക്കാൻ തങ്ങൾ ചെയ്‌ത പരസ്യം ഇത്ര പുലിവാലാകുമെന്ന് ഭക്ഷണശാലയുടെ ഉടമകൾ ഒരിക്കലും കരുതിക്കാണില്ല. അഞ്ച് പൈസയുമായി വരുന്നവർക്കെല്ലാം വയറ് നിറയെ ബിരിയാണി തരാമെന്ന തമിഴ്‌നാട്ടിലെ മധുരൈയിലെ സുകന്യാ ബിരിയാണി സ്‌റ്റാൾ എന്ന ഭക്ഷണശാലയിലെ പരസ്യം കണ്ട് ജനം അവിടെ തിക്കിത്തിരക്കി.

ഭക്ഷണശാലയുടെ ഉദ്‌ഘാടന പരസ്യമായാണ് ഉടമകൾ ഇങ്ങനെ ചെയ്‌തത്. ഫലമോ കൊവിഡ് നിയന്ത്രണങ്ങളൊക്കെ മറന്ന് 300ലധികം ആളുകളാണ് അവിടെയെത്തിയത്. മാസ്‌ക് ധരിക്കാതെയോ മതിയായ അകലം പാലിക്കാതെയോ ആഹാരത്തിന് തിരക്ക് കൂട്ടിയ ജനത്തെ കണ്ട് അമ്പരന്ന ബിരിയാണി കടയുടമയ്‌ക്ക് ഒടുവിൽ ഉദ്ഘാടന ദിവസം തന്നെ കട പൂട്ടേണ്ടി വന്നു.

സ്ഥലത്തെത്തിയ പൊലീസും സംഭവം അറിഞ്ഞ് അമ്പരന്നുപോയി. ബിരിയാണി തരാതെ കടയുടമകൾ പോയെന്ന് പൊലീസിനെ കണ്ട് ചിലർ പരാതിയും പറഞ്ഞു. എന്നാൽ കൊവിഡ് കാലത്തെ നിയന്ത്രണങ്ങൾ ഓർമ്മിപ്പിച്ച് പൊലീസ് അവരെയെല്ലാം മടക്കിയയച്ചു.