ഫിറോസാബാദ്: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ അശ്ലീല ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന പരാതിയിൽ യുപിയിൽ കൊളേജ് അദ്ധ്യാപകൻ ജയിലിലായി ആരോപണവിധേയനായ പ്രൊഫസർ ഷഹർയാർ അലി ഫിറോസാബാദിലെ കോടതിയിലെത്തി കീഴടങ്ങി ജാമ്യാപേക്ഷ നൽകുകയായിരുന്നു. എന്നാൽ അഡീഷണൽ ജഡ്ജി അനുരാഗ് കുമാർ ജാമ്യാപേക്ഷ തള്ളിയതോടെ പ്രൊഫസറെ ജയിലിലേക്ക് മാറ്റുകയായിരുന്നെന്നും വാർത്താ ഏജൻസി റിപ്പോർട്ടുചെയ്യുന്നു.
എസ്.ആർ.കെ കോളേജിലെ ചരിത്ര വിഭാഗം തലവനാണ് ഷഹർയാർ അലി. സ്മൃതി ഇറാനിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിൽ ഇയാൾക്കെതിരെ ഫിറോസാബാദ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. തുടർന്ന് കോളേജ് ഇദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തു.
നേരത്തെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രൊഫസർ ഷഹർയാർ അലി നൽകിയ അപേക്ഷ സുപ്രീം കോടതിയും, പിന്നാലെ നൽകിയ മുൻകൂർ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതിയും തള്ളിയിരുന്നു. പ്രൊഫസറുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന വാദത്തിന് തെളിവില്ലെന്ന് കാണിച്ചായിരുന്നു ജസ്റ്റിസ് ജെ ജെ മുനീർ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.