yedyurappa

ബംഗളൂരു: മുഖ്യമന്ത്രിയുടെ പ്രവ‌ർത്തനങ്ങൾക്കെതിരെ പാർട്ടി അംഗങ്ങളിൽ നിന്നുതന്നെ പ്രതിഷേധം ഉയരുന്ന കർണാടകയിൽ ശ്രദ്ധേയമായ ട്വീറ്റുമായി മുഖ്യമന്ത്രി ബി.എസ് യെദ്യുരപ്പ. താൻ പാർട്ടിയുടെ വിനീതനായ പ്രവർത്തകനാണെന്ന് പറയുന്ന ട്വീറ്റിൽ ബിജെപി പ്രവർത്തകർക്ക് മുന്നറിയിപ്പുമുണ്ട്.അച്ചടക്കമില്ലാതെ പെരുമാറാനോ, പ്രതിഷേധിക്കാനോ പാടില്ലെന്നും ട്വീറ്റിൽ യെദ്യുരപ്പ കുറിച്ചിരിക്കുന്നു.

കഴിഞ്ഞയാഴ്‌ചയാണ് യെദ്യുരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പാർട്ടിയുടെ മറ്റ് നേതാക്കളെയും കണ്ടത്. ഇതിന് ശേഷം ഉടനെ അദ്ദേഹം രാജിവയ്‌ക്കുമെന്ന് അഭ്യൂഹം പരന്നു. എന്നാൽ താൻ സ്ഥാനത്ത് തുടരും എന്നാണ് ഡൽഹിയിൽ അദ്ദേഹം അഭിപ്രായപ്പെട്ടത്. ഏറ്റവും പുതിയ ട്വീറ്റിൽ കേന്ദ്ര നേതൃത്വത്തിനും പാർട്ടി പ്രവർത്തകർക്കും ഒരുപോലെ നൽകുന്ന മറുപടിയായാണ് സൂചന. സ്ഥാനത്ത് തുടരാൻ അദ്ദേഹം സംസ്ഥാനത്തെ മത നേതാക്കളുടെയും ഒരു മുൻ കോൺഗ്രസ് മന്ത്രിയുടെ തന്നെ പിന്തുണ ആർജിക്കാൻ ശ്രമിക്കുന്നതായാണ് വിവരം.

'അനുഗ്രഹിക്കപ്പെട്ട വിനീതനായ പാർട്ടി പ്രവർത്തകനാണ് താൻ. ഉന്നതനിലവാരമുള‌ള പാർട്ടിയെ സേവിക്കാൻ കഴിഞ്ഞത് ബഹുമതിയായാണ് കാണുന്നത്. എല്ലാ പ്രവർത്തകരും പാർട്ടി മൂല്യങ്ങൾ കാത്തുസൂക്ഷിക്കണം. പ്രതിഷേധമോ അപമര്യാദയോടെയുള‌ള പെരുമാറ്റമോ പാടില്ല.' യെദ്യുരപ്പ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ രണ്ട് വർഷത്തോളമായി കോൺഗ്രസ്-ജനതാദൾ(സെക്യുലർ) സ‌ർക്കാരിനെ വീഴ്‌ത്തി അധികാരത്തിൽ തുടരുന്ന യെദ്യുരപ്പയ്‌ക്കെതിരെ പാർട്ടി എംഎൽ‌എമാർ തന്നെ പാർട്ടി അച്ചടക്കം ലംഘിച്ച് പ്രതിഷേധിക്കുന്നതാണ് കാണുന്നത്. ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നൽ, ടൂറിസം മന്ത്രി സി.പി യോഗേശ്വർ എംഎൽ‌സി എ.എച്ച് വിശ്വനാഥ് എന്നിവർ യെദ്യുരപ്പയ്‌ക്കെതിരെ ആഞ്ഞടിച്ചിരുന്നു.

78കാരനായ യെദ്യുരപ്പയുടെ മകനും സംസ്ഥാന ബിജെപി ഉപാദ്ധ്യക്ഷനുമായ ബി.വൈ വിജയേന്ദ്രയാണ് സംസ്ഥാനത്ത് ഭരണം നിയന്ത്രിക്കുന്നതെന്നാണ് വിമർശകരുടെ ആരോപണം. പാർട്ടി നേതാക്കളെ കാണാൻ ഡൽഹിയിലെത്തിയ യെദ്യുരപ്പയ്‌ക്കൊപ്പം വിജയേന്ദ്രയുമുണ്ടായിരുന്നു.

I am privileged to be a loyal worker of BJP. It is my utmost honour to serve the party with highest standards of ethics & behaviour. I urge everyone to act in accordance with party ethics & not indulge in protests/indiscipline that is disrespectful & embarrassing for the party.

— B.S. Yediyurappa (@BSYBJP) July 21, 2021

സംസ്ഥാനത്തെ മതനേതാക്കളായ വീരശൈവ-ലിംഗായത്ത് സമുദായങ്ങൾ യദ്യുരപ്പയ്‌ക്കൊപ്പമാണ്. അദ്ദേഹത്തിനെതിരായ നീക്കങ്ങൾക്കെതിരെ സമുദായങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.