karkkidakam

പ്രകൃതിയും മനുഷ്യനും സ്വയം നവീകരിക്കുന്ന കാലമാണ് കർക്കിടകം. ഇടമുറിയാതെ പെയ്യുന്ന മഴയിൽ ഈറനണിഞ്ഞു പ്രകൃതി സുന്ദരിയാകുമ്പോൾ മനുഷ്യൻ ഉൾപ്പെടെയുള്ള പ്രകൃതിയിലെ മറ്റു ജീവജാലങ്ങൾക്കു ആരോഗ്യപൂർണമായ നിലനില്‌പിന് കരുതൽ ഭക്ഷണത്തിന്റെ കെട്ടഴിക്കേണ്ടി വരുന്നു. ഈ കർക്കിടകത്തിൽ കൊവിഡും ഒപ്പമുണ്ട്.

പണ്ട് കാലത്ത് ചക്കയും മാങ്ങയും തുടങ്ങി പലതും ഉണക്കിയും ഉപ്പിലിട്ടും സൂക്ഷിച്ചിരുന്നത് കർക്കിടത്തിലേക്കായിരുന്നു. മടിയുടെ പുതപ്പു മൂടുന്ന കാലത്ത് മനസിനും ശരീരത്തിനും ഉണർവേകാൻ രാമായണ പാരായണം, ക്ഷേത്രദർശനം, എണ്ണതേച്ചുകുളി, ആയുർവേദ ചികിത്‌സകൾ എന്നിങ്ങനെ പലതും ശീലമായിരുന്നു.
പുതിയ കാലത്ത് കരുതൽ ഭക്ഷണശേഖരങ്ങൾ ഒന്നുമില്ല . ഇന്നാകട്ടെ കർക്കിടകത്തിനൊപ്പം കൊവിഡിനെ കൂടി പ്രതിരോധിക്കുകയും വേണം . കൊവിഡ് കൂടി ഒപ്പമുള്ള ഈ മാസത്തെ എങ്ങനെ തള്ളിനീക്കുമെന്ന ചിന്ത പലരെയും അസ്വസ്ഥമാക്കുന്നുണ്ടാവാം. കർക്കിടകത്തിൽ
ശരീരത്തിന്റെ ഉത്സാഹക്കുറവ് മനസിനെയും ബാധിക്കുന്നുണ്ട്. മികച്ച ആഹാരക്രമീകരണവും വ്യായാമവും കർക്കിടകത്തിലെ ആലസ്യമകറ്റി ആരോഗ്യം നേടാൻ സഹായിക്കും ,ഒപ്പം കൊവിഡിനെയും പ്രതിരോധിക്കാം.

എന്ത് കഴിക്കണം ?

കർക്കിടകത്തിൽ ദഹനം സുഗമമാക്കുന്ന ഭക്ഷണം തിരഞ്ഞെടുക്കുക. പച്ചക്കറികൾ, പഴവർഗങ്ങൾ, പയറുവർഗങ്ങൾ, മുഴുധാന്യങ്ങൾ ,ഇലക്കറികൾ തുടങ്ങിയവയ്ക്കു പ്രാധാന്യം നൽകാം.
തക്കാളി, വെള്ളരിക്ക ,മത്തൻ , കുമ്പളം ,തടിയൻ കായ്, ബീറ്റ്‌റൂട്ട്,ഇഞ്ചി വെളുത്തുള്ളി , പപ്പായ , അവാക്കോഡ, കിവി , അത്തിപ്പഴം , വാഴപ്പഴം, ഉലുവ,ചണപയർ , ചിയാവിത്തുകൾ , ഫ്ളാക് സീഡ് ,മുളപ്പിച്ച ചെറുപയർ , മുതിര ,ചമ്പാവരി ,കുപ്പച്ചീര , തഴുതാമ, കറിവേപ്പില, പുതിന,തുടങ്ങിയവ ഉത്തമം .കൂടാതെ പ്രോബിയോട്ടിക്സ് ആയ തൈര്, യോഗർട് തുടങ്ങിയവയും ഉപയോഗിക്കാം. മത്‌സ്യ മാംസാദികൾ ഈ കാലയളവിൽ
മിതമായി ഉപയോഗിക്കുക. മലബന്ധമുണ്ടാക്കുന്ന എല്ലാ ആഹാരങ്ങളും ഒഴിവാക്കണം. നാരുകൾ കൂടുതലുള്ള പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവ ധാരാളം കഴിക്കാം. ദഹിക്കാൻ പ്രയാസമുള്ളതും കൊഴുപ്പ് കൂടിയതും ഒഴിവാക്കുക.
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ദഹനപ്രശ്നങ്ങളുണ്ടാക്കും. രാത്രിയിൽ മിതമായതും കൊഴുപ്പില്ലാത്തതും എളുപ്പം ദഹിക്കുന്നതുമായ ഭക്ഷണം തിരഞ്ഞെടുക്കുക.
പ്രമേഹം, ഹൃദ്രോഗം എന്നീ രോഗങ്ങളുള്ളവർ കൃത്യമായും ആഹാരം
ക്രമീകരിക്കണം. കൊവിഡിനെ മാത്രമല്ല മറ്റു വൈറസുകളെയും പ്രതിരോധിക്കാൻ ശരീരത്തെ സജ്ജമാക്കുന്ന ഭക്ഷണം കൂടി ദിവസവും കഴിക്കണം.

മുഴുധാന്യങ്ങളിലെ തവിടിലുള്ള സിങ്ക് , ബി വിറ്റാമിനുകൾ സെലനിയം ,കോപ്പർ തുടങ്ങിയവ പ്രതിരോധശേഷി വർദ്ധിപ്പിക്കും. മുളപ്പിച്ച പയർ - പരിപ്പു വർഗങ്ങൾ എന്നിവ നിത്യഭക്ഷണത്തിന്റെ ഭാഗമാക്കുക. ജീവകം സി, ആന്റിഓക്സിഡന്റുകൾ അടങ്ങിയ പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ജലാംശം അധികമുള്ള ഫലവർഗങ്ങൾ ഉത്തമം.ദിവസേന എട്ട് ഗ്ളാസ് വെള്ളമെങ്കിലും കുടിക്കുക. മധുരം, എണ്ണ, അമിതമായ കൊഴുപ്പടങ്ങിയ മാംസം എന്നിവ നിയന്ത്രിക്കാം.
എച്ച്ഡിഎൽ കൊളസ്‌ട്രോളിന്റെ വർദ്ധവിനൊപ്പം , ജീവകം
ഇ, സെലീനിയം, മഗ്നീഷ്യം തുടങ്ങിയവയും പ്രധാനം ചെയ്യുന്ന നട്സ് ദിവസേന ഒരുപിടി ഉപയോഗിക്കാം ( വിവിധതരം നട്സ‌ുകളുടെ മിശ്രിതം ഉത്തമം )

ഉറക്കവും വ്യായാമവും

രാവിലെ നേരത്തെ ഉണർന്ന് രാത്രിയിൽ നേരത്തെ ഉറങ്ങാൻ ശീലിക്കുക. ഉച്ചയുറക്കം ഒഴിവാക്കുക. രാത്രി എട്ട് മണിക്കൂർ ഉറങ്ങണം. മഴയും തണുപ്പും കൊവിഡും പലരെയും രാവിലെ നടത്തം ഒഴിവാക്കാൻ നിർബന്ധിതരാക്കുന്നു. വീട്ടിനുള്ളിൽ ചെയ്യാവുന്ന വ്യായാമ മുറകൾ ശീലിക്കുകയാണ് പരിഹാരം. ശരീരത്തിന് അയവ് ലഭിക്കാനും കർക്കിടകത്തിന്റെ ആലസ്യമകറ്റാനും യോഗ ശീലിക്കുക. ദീർഘശ്വസനം, നാഡീശുദ്ധി പ്രാണായാമം , തുടങ്ങിയ ശ്വസനക്രിയകളുടെ പരിശീലനവും ഉൾപ്പെടുത്താം.

ശുചിത്വം

അന്തരീക്ഷത്തിൽ തണുപ്പ് അധികമായതിനാലും മഴയുടെ കാഠിന്യത്താൽ ജലജന്യ രോഗങ്ങൾക്കും സാദ്ധ്യത കൂടുതലായതിനാലും പരിസരശുചിത്വവും, വ്യക്തിശുചിത്വവും അനിവാര്യമാണ്. ദിവസേന രണ്ടുനേരം കുളി , കൈകാലുകൾ വൃത്തിയായി സൂക്ഷിക്കുക , വീടും പരിസരവും മാലിന്യ മുക്തമാക്കുക തുടങ്ങിയവ അത്യാവശ്യമാണ്.

( ലേഖിക ക്ളിനിക്കൽ ന്യൂട്രീഷ്യനിസ്‌റ്റാണ് )