pinarayi-vijayan

തിരുവനന്തപുരം: എല്ലാ വകുപ്പുകളിലേയും മുഴുവൻ ഒഴിവുകളും റിപ്പോർട്ട് ചെയ്യാൻ ‌നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് ഒഴിവുകൾ വേഗത്തിൽ കൃത്യമായി റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയതെന്ന് അദ്ദേഹം നിയമസഭയെ അറിയിച്ചു. വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കും. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലെ കൃത്യത ഉറപ്പു വരുത്താൻ പരിശോധനകൾ തുടരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഉടൻ കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ ഉന്നയിച്ച സബ്‌മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലെ കൃത്യത പരിശോധിക്കുന്നതിനായി അഡ്‌മിനിസ്‌ട്രേറ്റീവ് വിജിലൻസ് വിവിധ ഓഫീസുകളിൽ പരിശോധന നടത്തുന്നുണ്ട്. ഇതിനു പുറമേ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നത് ഉറപ്പു വരുത്താൻ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ഉദ്യോ​ഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരുൾപ്പെട്ട സമിതിക്ക് രൂപം കൊടുത്തിട്ടുണ്ട്. എല്ലാ ഒഴിവുകളും കൃത്യതയോടെ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അയ്യായിരത്തിലേറെ റാങ്ക് പട്ടികകളുടെ കാലാവധി ഓ​ഗസ്റ്റ് ‌‌‌‌‌നാലിന് അവസാനിക്കു‌കയാണ്. ഈ സാഹചര്യത്തിലാണ് മുഴുവൻ ഒഴിവുകളും നിയമനാധികാരികൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്.