ബീജിംഗ് : ചൈനയിൽ ശമനമില്ലാതെ തുടരുന്ന കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 25 മരണം. 10 മില്യണോളം ജനങ്ങൾ താമസിക്കുന്ന മദ്ധ്യ ചൈനയിലെ ഷെൻഷൗ നഗരത്തിലാണ് ഏറ്റവും കൂടുതൽ മരണങ്ങളും വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വെള്ളത്തിന്റെ ഗതിമാറ്റി ഒഴുക്കുന്നതിനായി ഒരു ഡാം സൈന്യം തകർത്തതായും റിപ്പോർട്ടുകളുണ്ട്. ജനസംഖ്യയുള്ള ഒരു പ്രവിശ്യയെ സംരക്ഷിക്കുന്നതിനായിട്ടാണ് ഇങ്ങനെ ചെയ്തതെന്നും മാദ്ധ്യമങ്ങൾ പറയുന്നു. അതേസമയം നിരവധി ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. വെള്ളപ്പൊക്കം നിയന്ത്രണാധീതമായതോടെ ഡാമുകളുടെ ചുമതല സൈന്യം ഏറ്റെടുത്തിരിക്കുകയാണ്. ആയിരക്കണക്കിന് സൈനികരെയാണ് നദിക്കരകളിൽ നിയോഗിച്ചിട്ടുള്ളത്.
വെള്ളപ്പൊക്ക നിയന്ത്രണ നടപടികൾ നിർണായക ഘട്ടത്തിലേക്ക് കടന്നതോടെ സ്ഥിതിഗതികൾ അങ്ങേയറ്റം കഠിനമാണെന്ന് ചൈനീസ് പ്രസിഡന്റ് അറിയിച്ചു. കാലാവസ്ഥാ വ്യതിയാനമാണ് വെള്ളപ്പൊക്കത്തിന് കാരണം. കഴിഞ്ഞ 60 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്.
ഷെൻഷൗ പ്രവശ്യയിലെ ഒരു ട്രെയിനിൽ വെള്ളം കയറി 12 പേർ മരണമടഞ്ഞിരുന്നു.രക്ഷാ പ്രവർത്തനത്തിനായി സൈന്യം രംഗത്തുണ്ട്. ഏകദേശം രണ്ട് ലക്ഷത്തോളം പേരെ ഷെൻഷൗ നഗരത്തിൽ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. പ്രളയത്തിൽ ആളുകളും വാഹനങ്ങളും ഒഴുകിപ്പോകുന്നതിന്റെയും വെള്ളം കയറിയ തീവണ്ടിയിൽ ജനങ്ങൾ കുടുങ്ങിക്കിടക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
റെയിൽവേ സ്റ്റേഷനുകളും നിരവധി കെട്ടിടങ്ങളും പ്രളയത്തിൽ മുങ്ങിപ്പോയിട്ടുണ്ട്. നിരവധി പേർ പലയിടത്തും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. മൊബൈൽ ഫോണും ഇന്റർനെറ്റും അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായത് രക്ഷാ പ്രവർത്തനത്തനം ദുഷ്‌കരമാക്കിയിട്ടുണ്ട്. പലയിടങ്ങളിലും റോഡുകൾ പിളർന്ന് വാഹനങ്ങൾ ഭൂമിക്കടിയിലേക്ക് താഴ്ന്നു പോയി. ഹെനാൻ പ്രവശ്യയിലെ ടണലുകളിൽ കുടുങ്ങിപ്പോയ അഞ്ഞൂറോളം പേരെ രക്ഷപ്പെടുത്തി. ഹെനാൻ പ്രവശ്യയിലെ 12 ഓളം നഗരങ്ങളിൽ പ്രളയം വ്യാപക നാശനഷ്ടം വിതച്ചതായാണ് റിപ്പോർട്ട്.