byjus

ന്യൂഡൽഹി: 500 മില്ല്യൺ അമേരിക്കൻ ഡോളറിന് അമേരിക്കയിൽ വളരെയേറെ പ്രചാരത്തിലുള്ള എപിക്ക് ആപ്പ് ബൈജൂസ് ആപ്പ് സ്വന്തമാക്കി. ഇത് ഏകദേശം 3700 കോടി ഇന്ത്യൻ രൂപക്ക് മുകളിൽ വരും. ഓൺലൈൻ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ നിരവധി മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ബൈജൂസ് അമേരിക്കയിലേക്കു കൂടി തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ആദ്യ ചുവടുവയ്പാണിത്. ഓൺലൈൻ ആയി പുസ്തകങ്ങൾ വായിക്കുന്നതിനുള്ള ആപ്ലിക്കേഷനാണ് എപിക്ക്. 2019ൽ മറ്റൊരു ഓൺലൈൻ എജ്യുക്കേഷൻ ഗെയിമിംഗ് ആപ്പായ ഓസ്മോയും ബൈജൂസ് സ്വന്തമാക്കിയിരുന്നു.

12 വയസിനു താഴെയുള്ള കുട്ടികൾക്ക് ഒരു ഡിജിറ്റൽ ലൈബ്രറി വഴി പുസ്തകങ്ങൾ വിൽക്കുകയാണ് എപിക്ക് ആപ്പ് ചെയ്യുന്നത്. നിലവിൽ അമേരിക്കയിൽ മാത്രമാണ് എപിക്ക് ആപ്പിന്റെ സേവനം ലഭ്യമായിട്ടുള്ളത്. ഇത് ഉടൻ തന്നെ ഇന്ത്യ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ മുതലായ ഇംഗ്ലീഷ് സംസാരിക്കുന്ന മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ബൈജൂസ് അറിയിച്ചു.

തങ്ങളുടെ ബിസിനസ് അമേരിക്കയിലേക്കു കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വടക്കേ അമേരിക്കയിൽ മാത്രം 100 കോടി യു എസ് ഡോളർ ഉടൻ നിക്ഷേപിക്കുമെന്ന് കമ്പനി അധികൃതർ പറഞ്ഞു. കൊവിഡ് മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം അടച്ചപ്പോൾ ബൈജൂസ് മുതലായ ഓൺലൈൻ ആപ്പുകൾക്ക് ഒരുപാട് പ്രചാരണം ലഭിച്ചിരുന്നു.