കാബൂൾ : അമേരിക്കൻ സൈന്യം പിൻവാങ്ങിയതോടെ അഫ്ഗാനിസ്ഥാൻ വീണ്ടും ലോക ശ്രദ്ധ നേടുകയാണ്. താലിബാൻ ഭീകരർ ശക്തരാവുന്നു എന്ന റിപ്പോർട്ടുകളാണ് അവിടെ നിന്നും വരുന്നത്. അതേസമയം ആദ്യത്തെ ഒരു പതർച്ചയിൽ നിന്നും കരകയറിയ അഫ്ഗാൻ പട്ടാളവും വ്യോമസേനയും തീവ്രവാദികൾക്ക് നേരെ കനത്ത ആക്രമണമാണ് നടത്തുന്നത്. ഇതോടെ പാകിസ്ഥാൻ വ്യോമസേന താലിബാനെ സഹായിക്കുന്നതായും ആരോപണം ഉയരുന്നുണ്ട്.
ഭീകരൻമാർക്ക് ആവശ്യമായ ആയുധങ്ങൾ നൽകുന്നതിനൊപ്പം അതിർത്തിയിലെ കമ്പിവേലികൾ മുറിച്ച് മാറ്റി പാക് താലിബാൻ ഭീകരർക്ക് അഫ്ഗാനിൽ പ്രവേശിക്കുന്നതിനുള്ള സൗകര്യം പാകിസ്ഥാൻ ചെയ്ത് കൊടുക്കുന്നുണ്ട്. ഇതിന് പുറമേ ആക്രമണത്തിൽ പരിക്കേൽക്കുന്ന താലിബാൻ ഭീകരരെ അതിർത്തിയോട് ചേർന്ന ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.
അഫ്ഗാനിസ്ഥാൻ സർക്കാരിനെതിരെ പൊതുവികാരം ഇളക്കിവിടാനായി നിരവധി ട്രോളുകളും, പോസ്റ്ററുകളും പാകിസ്ഥാൻ കേന്ദ്രീകരിച്ച് നിർമ്മിക്കുന്നുണ്ട്. ഇത്തരം വിമർശകരുടെ വായ് ഒറ്റ ഫോട്ടോ ഉപയോഗിച്ച് അടച്ചിരിക്കുകയാണ് അഫ്ഗാൻ വൈസ് പ്രസിഡന്റ് അമ്രുള്ള സ്വാലിഹ്. 1971ൽ ബംഗ്ലാദേശ് പിറവിയെടുക്കാൻ കാരണമായ ഇന്ത്യ പാക് യുദ്ധത്തിന്റെ അവസാനം അമ്പേ പരാജയപ്പെട്ട് ഇന്ത്യയ്ക്ക് മുന്നിൽ കീഴടങ്ങിയ പാക് സൈന്യത്തിന്റെ ചിത്രമാണത്.
ബംഗ്ലാദേശിൽ കിഴക്കൻ പാക് ഭരണകൂടത്തിനെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തിന് പിന്തുണ നൽകിയാണ് പാക് സർക്കാരിനെ ഇന്ത്യ കടപുഴക്കി എറിഞ്ഞത്. നമ്മുടെ ചരിത്രത്തിൽ അത്തരമൊരു ചിത്രം ഞങ്ങളുടെ പക്കലില്ല, ഒരിക്കലും ഉണ്ടാകില്ല എന്നുമാണ് അമ്രുള്ള സ്വാലിഹ് ട്വീറ്റ് ചെയ്തത്. അഫ്ഗാനിസ്ഥാനിലെ സർക്കാർ വിരുദ്ധ തീവ്രവാദികൾക്ക് പാകിസ്ഥാൻ സഹായം നൽകിയാലും ഭരണം പിടിക്കാനാവില്ലെന്ന സന്ദേശവും അദ്ദേഹത്തിന്റെ വരികൾ നൽകുന്നുണ്ട്.
ഏതായാലും 1971 ഡിസംബർ 16 ന് ധാക്കാ റേസ് കോഴ്സിൽ വച്ച് പാകിസ്ഥാൻ ലഫ്റ്റനന്റ് ജനറൽ എ എ കെ നിയാസി ഇന്ത്യൻ ആർമി ലഫ്റ്റനന്റ് ജനറൽ ജഗ്ജിത് സിംഗ് അറോറയുടെ സാന്നിദ്ധ്യത്തിൽ കീഴടങ്ങുന്ന ചിത്രം ഇന്ത്യൻ കരുത്ത് വിളിച്ചോതുന്നതാണ്. 93,000 പാകിസ്ഥാൻ സൈനികരാണ് അന്ന് ഇന്ത്യയ്ക്ക് മുന്നിൽ കീഴടങ്ങിയത്. ഈ മഹത്തായ വിജയത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുകയാണ് ഇന്ത്യ ഇപ്പോൾ.