കൊച്ചി: ഐ എസ് എൽ പുതിയ സീസണിന് മുന്നോടിയായി മെൽബൺ എഫ് സിയുടെ മദ്ധ്യനിര താരം അഡ്രിയാന്‍ നിക്കോളസ് ലൂണയെ കേരളാ ബ്ളാസ്റ്റേഴ്സ് ടീമിലെത്തിച്ചു. കഴിഞ്ഞ മാസം മെൽബൺ സിറ്റിയുമായുള്ള കരാർ അവസാനിച്ച ലൂണയെ രണ്ട് വര്‍ഷത്തെ കരാറിലാണ് ബ്ളാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്.
ബ്ലാസ്റ്റേഴ്‌സ് ഈ സീസണില്‍ ടീമിലെത്തിക്കുന്ന ആദ്യ വിദേശ താരമാണ് ലൂണ. നേരത്തെ സഞ്ജീവ് സ്റ്റാലിന്‍, ഹോര്‍മിപാം റുവ, വിന്‍സി ബരേറ്റോ, ഹര്‍മന്‍ജോത് ഖബ്ര എന്നീ ഇന്ത്യൻ താരങ്ങളുമായി ക്ളബ് കരാറൊപ്പിട്ടിരുന്നു.
അറ്റാക്കിംഗ് മിഡ്ഫീൽഡറായും വിംഗറായും ഒരേസമയം മികവ് പുലർത്താൻ സാധിക്കുന്ന താരമാണ് ലൂണ. എങ്കിലും മെൽബണിൽ കൂടുതലും അറ്റാക്കിംഗ് മിഡ്ഫീൽഡറായി തിളങ്ങിയതിനാൽ ഇവിടെയും ആ സ്ഥാനത്ത് ലൂണയെ കളിപ്പിക്കാനാകും പരിശീലകൻ താത്പര്യപ്പെടുക. അങ്ങനെയെങ്കിൽ ബ്ളാസ്റ്റേഴ്സിന്റെ മലയാളി താരം സഹൽ അബദുൽ സമദ് തന്റെ ഇഷ്ട് സ്ഥാനമായ മദ്ധ്യനിര വിട്ട് വീണ്ടും വിംഗിലേക്ക് മാറേണ്ടതായി വരും. കഴിഞ്ഞ സീസണിൽ വിംഗിൽ കളിച്ചിരുന്നുവെങ്കിലും സഹലിന്റെ മികവ് പൂർണമായും പുറത്ത് വന്നിരുന്നില്ല. ദേശീയ ടീമിൽ അറ്റാക്കിംഗ് മിഡ്ഫീൽഡറായും ക്ളബിനു വേണ്ടി വിംഗറായും കളിക്കുന്നത് സഹലിന്റെ പ്രകടനത്തെയും ബാധിച്ചിരുന്നു.
അഡ്രിയാന്‍ ലൂണ മികച്ച കഴിവുള്ള താരമാണെന്നും, ബ്ളാസ്റ്റേഴ്സിനെ സുശക്തമാക്കാൻ പ്രാപ്തിയുള്ള താരവുമാണെന്ന് ബ്ലാസ്റ്റേഴ്‌സിന്റെ സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. മികച്ച പ്ലേമേക്കറായ ലൂണ ടീമിന്റെ പ്രകടനത്തില്‍ എല്ലായ്‌പോഴും ശ്രദ്ധിക്കുന്ന കഠിനാധ്വാനിയായ താരമാണെന്നും സ്‌കിന്‍കിസ് കൂട്ടിച്ചേർത്തു.