chinese-engineers-

ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ചൈനയുടെ സാമ്പത്തിക സാങ്കേതിക സഹായത്താൽ നിർമ്മിക്കപ്പെടുന്ന പദ്ധതി സ്ഥലത്ത് എ കെ 47 തോക്കുകൾ ധരിച്ച് ജോലി ചെയ്യുന്ന എഞ്ചിനീയർമാരുടെ ചിത്രങ്ങൾ വൈറലാകുന്നു. സാമൂഹിക മാദ്ധ്യമങ്ങളിലും ചില ഓൺലൈൻ മീഡിയകളുമാണ് ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. അടുത്തിടെ ബലൂചിസ്ഥാനിലെ ചൈനീസ് തൊഴിലാളികൾ സഞ്ചരിച്ച ബസ് ബോംബ്സ്‌ഫോടനത്തിൽ തകർന്ന് നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ചൈനീസ് എഞ്ചിനീയർമാർ ജോലിസ്ഥലത്ത് തോക്കുകൾ കൊണ്ടുവന്നതെന്നാണ് റിപ്പോർട്ടുകളിലുള്ളത്.

സിൻജിയാംഗ് പ്രവിശ്യയെ പാകിസ്ഥാന്റെ ഗ്വാഡാർ തുറമുഖവുമായി ബന്ധിപ്പിക്കുന്നതിന് 60 ബില്യൺ ഡോളറിലധികമാണ് ചൈന നിക്ഷേപിക്കുന്നത്. എന്നാൽ ഈ പദ്ധതി കടന്നുപോകുന്ന ബലൂചിസ്ഥാനിൽ നിന്നും കടുത്ത എതിർപ്പാണ് ചൈന നേരിടുന്നത്. ബലൂചിസ്ഥാനിലെ ചൈനീസ് തൊഴിലാളികൾക്ക് പാകിസ്ഥാൻ സൈന്യം സുരക്ഷ ഒരുക്കുന്നുണ്ടെങ്കിലും ബസ് ആക്രമണത്തിന് ശേഷം ചൈന സ്വന്തം നിലയ്ക്കും സുരക്ഷ നൽകുന്നുണ്ട്. 30,000 സൈനികരെയാണ് ഈ പ്രദേശങ്ങളിൽ പാകിസ്ഥാൻ വിന്യസിച്ചിട്ടുള്ളത്.

ബസ് സ്ഥോടനത്തിൽ ഒൻപത് ചൈനീസ് എഞ്ചിനീയർമാരാണ് കൊല്ലപ്പെട്ടത്. ആദ്യം ഇത് ഒരു അപകടമായി മറയ്ക്കുവാനാണ് പാകിസ്ഥാൻ ശ്രമിച്ചത്. എന്നാൽ മാദ്ധ്യമങ്ങളിലൂടെ തീവ്രവാദ ആക്രമണമായിരുന്നു എന്ന വിവരം പുറത്തുവരികയായിരുന്നു. ആക്രമണത്തെ കടുത്ത ഭാഷയിലാണ് ചൈന അപലപിച്ചത്. ചൈനീസ് മാദ്ധ്യമമായ ഗ്ലോബൽ ടൈംസ് തീവ്രവാദികളെ അമർച്ച ചെയ്യാൻ പാക് സൈനികർക്ക് കഴിവില്ലെങ്കിൽ ചൈനയുടെ മിസൈലുകൾ ആ ജോലി ചെയ്യുമെന്ന് ഓർമ്മിപ്പിച്ചിരുന്നു. ഇതിന് ശേഷം തീവ്രവാദികൾക്കെതിരെ നടപടിയെടുക്കാൻ പാകിസ്ഥാൻ സർക്കാരിൽ കടുത്ത സമ്മർദ്ദമാണ് ഉണ്ടായിരിക്കുന്നത്.