ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി കസേരയിലെ ഉരുക്ക് വനിതയായ ഇന്ദിരാ ഗാന്ധിയുടെ പല നടപടികളും പ്രതിപക്ഷത്തിന്റെ അടക്കം പ്രശംസ ലഭിച്ചിട്ടുണ്ട്. കരുത്തും ഗൗരവവുമായിരുന്നു ഇന്ദിരയുടെ അടയാളങ്ങളായി കരുതിയിരുന്നെങ്കിൽ അവരുടെ ലാളിത്യവും സ്‌നേഹവും പ്രകടമാവുന്ന ഒരു കത്ത് ഇന്ന് വൈറലാവുകയാണ്. 1973 ജൂലായ് അഞ്ചിന് രാജ്യത്തെ പ്രമുഖ വ്യവസായിയായ ജെ ആർ ഡി ടാറ്റയ്ക്ക് എഴുതിയ കത്താണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ജെ ആർ ഡി ടാറ്റ ഇന്ദിരയ്ക്ക് അയച്ച സമ്മാനത്തിന് നന്ദി അറിയിച്ചുള്ള മറുപടിയാണ് ഇത്.
ഇന്ദിരയ്ക്ക് സുഗന്ധദ്രവ്യമാണ് സമ്മാനമായി ജെ ആർ ഡി ടാറ്റ അയച്ചത്. എന്നാൽ താൻ സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കാറില്ലെന്നും തീർച്ചയായും പരീക്ഷിക്കുമെന്നും കത്തിലുണ്ട്. സൗന്ദര്യലോകത്തെ കുറിച്ച് അറിവില്ലെന്നും അവർ കുറിക്കുന്നു. ഇതിനൊപ്പം ജെ ആർ ഡി ടാറ്റയോടായി അനുകൂലമോ വിമർശനാത്മകമോ ആയ എന്തങ്കിലും അഭിപ്രായങ്ങൾ അറിയിക്കാൻ ആഗ്രഹിക്കുമ്പോൾ ദയവായി എന്നെ എഴുതാനോ എന്നെ കാണാനോ മടിക്കരുതെന്നും ആവശ്യപ്പെടുന്നുണ്ട്.
ടാറ്റയ്ക്കും ഭാര്യക്കും ആശംസകളോടെയാണ് കത്ത് അവസാനിപ്പിക്കുന്നത്. ടൈപ്പ് റൈറ്ററിൽ തയ്യാറാക്കിയ ഈ കത്തിന്റെ ഫോട്ടോ വ്യവസായി ഹർഷ് ഗോയങ്കയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ദിരാ ലാന്ധിയുടെ ലാളിത്യമാർന്ന ഭാഷയെ കുറിച്ചാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചക ൾ നടക്കുന്നത്.