ടോക്യോ: എല്ലാ ഒളിമ്പിക്സുകളും ഒത്തുചേരലിന്റയും ആഘോഷത്തിന്റെയും വേദിയായിരുന്നുവെങ്കിൽ ടോക്കിയോ അരങ്ങൊരുക്കുന്നത് അതിജീവനത്തിനാണ്. അപ്രതീക്ഷിത അതിഥിയായി വന്നെത്തിയ മഹാമാരി ഒരു വർഷത്തേക്ക് ടോക്കിയോ ഒളിമ്പിക്സിനെ മാറ്റിവയ്പ്പിച്ചു.ഇനിയും വിട്ടൊഴിഞ്ഞുപോകാൻ കൂട്ടാക്കാത്ത കൊവിഡ് അവസാന നിമിഷത്തിലും ഒളിമ്പിക്സിനുമേൽ ആശങ്കയായി മാറിയിട്ടുണ്ടെങ്കിലും ശുഭപ്രതീക്ഷയിൽ മനസുകൊണ്ട് ജപ്പാനൊപ്പമാണ് കായികലോകം.
പതിവ് ആഘോഷച്ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമാണ് ടോക്കിയോയിൽ ഇന്ന് നടക്കുന്ന ഉദ്ഘാടനം. 68000 പേർക്ക് ഇരിക്കാവുന്ന നാഷണൽ സ്റ്റേഡിയത്തിൽ ആകെ ഉണ്ടാവുക 950 പേരാണ്.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വലിയ തോതിലുള്ള മുൻകരുതലുകളാണ് ജപ്പാൻ ഒരുക്കിയിരിക്കുന്നത്.
കാണികൾക്ക് വിലക്കുള്ള സ്റ്റേഡിയത്തിൽ താരങ്ങളും ഉദ്യോഗസ്ഥരും പത്രപ്രവർത്തകരും ഉൾപ്പെടെയാണ് 950 പേർക്ക് പ്രവേശനമെന്ന് ടോക്യോ ഒളിമ്പിക്‌സ് തലവൻ ഹൈഡെമസ നകമുറ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സാധാരണഗതിയിൽ ലോകരാഷ്ട്രത്തലവന്മാരുടെ സമ്മേളനമായി മാറാറുള്ള ഉദ്ഘാടനച്ചടങ്ങിൽ ഇക്കുറി 15 അന്താരാഷ്ട്ര നേതാക്കളിൽ കൂടുതൽ ഉണ്ടാകില്ല. ജാപ്പനീസ് ചക്രവർത്തി നരുഹിതോ,ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ, അമേരിക്കൻ പ്രഥമ വനിത റിൽ ബൈഡൻ തുടങ്ങിയവരാണ് ഇവരിൽ പ്രധാനികൾ.
ഗാലറിയിൽ കാണികളുണ്ടാവില്ലെങ്കിലും അരങ്ങിലെ ഉത്സാഹത്തിമിർപ്പിന് കുറവൊന്നുമുണ്ടാകില്ലെന്ന് സംഘാടക സമിതി ഉറപ്പുനൽകുന്നു. സാഹചര്യങ്ങളുടെ പരിമിതിയെ അതിജീവിച്ചും തങ്ങളുടെ സാസ്കാരിക പൈതൃകം വിളിച്ചോതുന്ന കലാപരിപാടികൾ ജപ്പാൻ ഒരുക്കിയിട്ടുണ്ട്.സാങ്കേതിക വളർച്ചയിലെ തങ്ങളുടെ വൈദഗ്ധ്യം വിളിച്ചോതുന്ന നിരവധി വിസ്മയങ്ങളും അണിനിരക്കും. ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30-നാണ് തുടങ്ങുന്നത്. മിക്ക രാജ്യങ്ങളും പരിമിതമായ തോതിൽ മാത്രമാണ് കായിക താരങ്ങളെ മാർച്ച്പാസ്റ്റിൽ അണിനിരത്തുക.
ഇന്ത്യയിൽ നിന്ന് 18 ഇനങ്ങളിലായി 127 അത്‌ലറ്റുകൾ പങ്കെടുക്കും. ഇതിൽ രണ്ട് ആൾട്ടർനേറ്റ് അത്‌ലറ്റുകളും പുരുഷ വനിതാ ഹോക്കി ടീമുകളിലെ ഓരോ റിസർവ് താരങ്ങളുമുണ്ട്. ഒമ്പതു മലയാളികളാണ് ഇന്ത്യൻ സംഘത്തിലുള്ളത് ഇവരിൽ വനിതകളില്ല. 206രാജ്യങ്ങളിൽ നിന്ന് 11,238-ത്തിലേറെ കായികതാരങ്ങൾ പങ്കെടുക്കുന്ന മേള ആഗസ്റ്റ് എട്ടിനാണ് സമാപിക്കുന്നത്.