vv

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ മുൻ നയതന്ത്ര ഉദ്യോഗസ്ഥന്റെ മകളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. ദക്ഷിണ കൊറിയയിലേയും കസാഖിസ്ഥാനിലേയും പാകിസ്ഥാൻ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ഷൗക്കത്ത് മുക‌ടമിന്റെ മകൾ നൂർ മുകടമാണ് വെടിയേറ്റ് മരിച്ചത്.

ഇസ്ലാമാബാദിലെ അതീവ സുരക്ഷ മേഖലയിൽ നടന്ന കൊലപാതകത്തിൽ നൂറിന്റെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സാഹിർ ജാഫർ എന്നയാളെയാണ് സംഭവ സ്ഥലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് ഇപ്പോൾ പറയാറായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അതീവ സുരക്ഷ മേഖലയിൽ തട്ടിക്കൊണ്ടു പോകലും കൊലപാതകവും സർക്കാരിന്റെ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.

നേരത്തെ പാകിസ്ഥാനിലെ അഫ്ഗാൻ സ്ഥാനപതിയുടെ മകളെ അജ്ഞാതർ തട്ടിക്കൊണ്ടു പോയി മണിക്കൂറുകൾക്ക് ശേഷം വഴിയിലുപേക്ഷിച്ച് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതിനെ തുടർന്ന് അഫ്ഗാൻ സർക്കാർ തങ്ങളുടെ സ്ഥാനപതിയേയും ഉന്നത ഉദ്യോഗസ്ഥരേയും പാകിസ്ഥാനിൽ നിന്ന് തിരിച്ചു വിളിച്ചിരുന്നു. എന്നാൽ സംഭവത്തിൽ തെളിവുകളില്ലെന്ന പാക് നിലപാടിനെതിരെ അഫ്ഗാനിസ്ഥാൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. വിഷയത്തിൽ അന്വേഷണം പുരോഗമിക്കെ നടന്ന പുതിയകൊലപാതകം പാകിസ്ഥാൻ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കും.