a-k-saseedran

തിരുവനന്തപുരം: പീഡന പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചെന്ന മന്ത്രി എ.കെ. ശശീന്ദ്രന് എതിരായ ആരോപണത്തില്‍ പ്രതികരണവുമായി സാഹിത്യനിരൂപകനും രാഷ്ട്രീയ-സാംസ്‌കാരിക നിരീക്ഷകനുമായ ഡോ. ആസാദ്. നേരത്തേ ഒരു കേസ് എത്ര നല്ല രീതിയിലാണ് മന്ത്രി ശശീന്ദ്രന്‍തന്നെ അവസാനിപ്പിച്ചതെന്ന് ഓര്‍മ്മശക്തി നഷ്ടപ്പെട്ടിട്ടില്ലാത്ത ആളുകള്‍ക്കറിയാം. സൂര്യനെല്ലിയും കിളിരൂരും വിതുരയും മുതല്‍ വാളയാറും പാലത്തായിയുംവരെ നല്ല രീതിയില്‍ തീര്‍ക്കാനല്ലേ നമ്മുടെ മറ്റു നേതാക്കളും ശ്രമിച്ചത്? ശശിമാരുടെ പീഡനക്കേസുകള്‍ പാര്‍ട്ടി കോടതിയില്‍ തീര്‍പ്പായത് എതിര്‍ ശബ്ദങ്ങളില്ലാതെ എത്ര സൗമ്യമായാണ് എന്നെങ്കിലും നാം ഓര്‍ക്കണമെന്നും ആസാദ് ഫേസ്ബുക്കിൽ കുറിച്ചു.

ആസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പീഡനം നല്ല നിലയില്‍ തീര്‍ക്കാന്‍ ആരാണ് സഹകരിക്കേണ്ടത്? മറ്റു മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും പറയാം. ശശീന്ദ്രന്‍ ആവശ്യപ്പെട്ടതു ശരിയല്ലേ? ഏതു കാര്യത്തിനും വേണ്ടേ ശുഭാന്ത്യം? ഇന്ത്യയില്‍ ഒരു കാവ്യവും ദുരന്തത്തില്‍ ഒടുങ്ങില്ല. ഒരു സിനിമയും ശുഭം എന്നെഴുതാതെ അവസാനിക്കില്ല. മന്ത്രി അത്രയേ ഓര്‍മ്മപ്പെടുത്തിയുള്ളു. എല്ലാം ശുഭകരമാവണം. വെട്ടാന്‍ വരുന്ന പോത്തോ കടിക്കാന്‍ വരുന്ന പേപ്പട്ടിയോ അല്ല വേദം കാക്കേണ്ടത്. ഇരകളായ പെണ്‍കുട്ടികളും അവരുടെ ബന്ധുക്കളുമാണ്.

നേരത്തേ ഒരു കേസ് എത്ര നല്ല രീതിയിലാണ് മന്ത്രി ശശീന്ദ്രന്‍തന്നെ അവസാനിപ്പിച്ചതെന്ന് ഓര്‍മ്മശക്തി നഷ്ടപ്പെട്ടിട്ടില്ലാത്ത ആളുകള്‍ക്കറിയാം. സൂര്യനെല്ലിയും കിളിരൂരും വിതുരയും മുതല്‍ വാളയാറും പാലത്തായിയുംവരെ നല്ല രീതിയില്‍ തീര്‍ക്കാനല്ലേ നമ്മുടെ മറ്റു നേതാക്കളും ശ്രമിച്ചത്? ശശിമാരുടെ പീഡനക്കേസുകള്‍ പാര്‍ട്ടി കോടതിയില്‍ തീര്‍പ്പായത് എതിര്‍ ശബ്ദങ്ങളില്ലാതെ എത്ര സൗമ്യമായാണ് എന്നെങ്കിലും നാം ഓര്‍ക്കണം.

അതിനാല്‍ നല്ലപാഠങ്ങള്‍ ഉള്‍ക്കൊള്ളണം. പീഡിപ്പിച്ചവരെക്കാള്‍ ജാഗ്രതയും സംയമനവും കാണിക്കേണ്ടത് പീഡിതരല്ലേ? അവര്‍ ഒച്ചവെക്കുന്നതല്ലേ വഷളത്തം? പാര്‍ട്ടിക്കോടതികളില്‍ ഏതു പരാതിക്കാരിയാണ് ഇതു ബോദ്ധ്യപ്പെടാതെ കലഹിച്ചിട്ടുള്ളത്? അച്ചടക്കമാണ് പരമപ്രധാനം. അതിനാല്‍, പീഡിപ്പിക്കപ്പെട്ടു എന്നു പരാതിപ്പെടുന്ന പെണ്‍കുട്ടികളുടെ മാതാപിതാക്കളേ, സഹോദരരേ നിങ്ങള്‍ സഹകരിപ്പിന്‍! നല്ല രീതിയില്‍ തീര്‍പ്പാക്കുവിന്‍!

നല്ല രീതിയില്‍ തീര്‍ക്കാന്‍ പീഡിപ്പിക്കുന്നവരെ സഹായിപ്പിന്‍! ഒരു മന്ത്രി എന്ന നിലയില്‍ ഇത്രയൊക്കെ പറയാനല്ലേ കഴിയൂ. കൂടുതല്‍ വിശദീകരിക്കാന്‍ അറിയാഞ്ഞല്ല. ഒരു പഴയ വാട വിലക്കുന്നതാണ്. മന്ത്രിയോടു പൊറുക്കണം. നല്ല രീതിയില്‍ തീര്‍ക്കണേ പ്രതിപക്ഷവും. നല്ല രീതിയില്‍ തീര്‍ക്കണേ നല്ലതല്ലാത്ത കഥകളെല്ലാം.
ആസാദ്
22 ജൂലായ് 2021